ബംഗളുരു: കർണാടകയിലെ ഹിജാബ് വിവാദത്തിനിടയിൽ പർദ്ദ ധരിച്ച് അള്ളാഹു അക്ബർ എന്നാക്രോശിച്ച കോളേജ് വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ അൽ-ഖ്വയ്ദ തലവൻ പ്രശംസിച്ച സംഭവത്തിൽ വിവാദം ശക്തമാകുന്നു. അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ സവാഹിരി മുസ്‌കാനെ പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ.
ഭീകര നേതാവിന്റെ അഭിപ്രായങ്ങൾ തെറ്റാണെന്നും, താനും തന്റെ കുടുംബവും സമാധാനപരമായി ഇന്ത്യയിൽ ജീവിച്ച് വരികയാണെന്നുമാണ് മുഹമ്മദ് ഹുസൈൻ പറഞ്ഞത്. ‘ഞങ്ങൾക്ക് ആ വീഡിയോയെ കുറിച്ച് ഒന്നും അറിയില്ല. അയാൾ ആരാണെന്നും ഞങ്ങൾക്ക് അറിയില്ല. ഇന്ന് ആദ്യമായാണ്, ഞാൻ ആ വ്യക്തിയെ കാണുന്നത്. അയാൾ അറബി ഭാഷയിൽ എന്തൊക്കെയോ പറഞ്ഞിരുന്നു. ഞങ്ങൾ ഇവിടെ, എല്ലാവരുമായും സ്‌നേഹത്തോടെയും സമാധാനത്തോടെയും സഹോദരന്മാരെ പോലെയാണ് കഴിയുന്നത്’- മുഹമ്മദ് ഹുസൈൻ പറയുന്നു.
‘അയാൾ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അയാൾക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് തെറ്റാണ്. ഇവിടെ സമാധാനത്തോടെ കഴിയുന്ന ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ഭീകരസംഘടനാ നേതാവ് ശ്രമിക്കുന്നത്’- മുഹമ്മദ് ഹുസൈൻ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ്, അൽ ഖ്വയ്ദ നേതാവ് മുസ്‌കാനെ പ്രശംസിക്കുന്ന വീഡിയോ പുറത്ത് വന്നത്.
ഹിന്ദുക്കളുടെ ഇന്ത്യയുടേയും, അന്യമതക്കാരുടെ വഞ്ചനാപരമായ ഭരണത്തിന്റേയും, യഥാർത്ഥ മുഖം തുറന്ന് കാണിച്ചതിന് അള്ളാഹു മുസ്‌കാന് സമ്മാനം നൽകുമെന്നായിരുന്നു അയ്മാൻ അൽ സവാഹിരി പറഞ്ഞത്. മുസ്‌കാന് വേണ്ടി ഭീകരനേതാവ് സ്വയം ഒരു കവിത എഴുതുകയും ചെയ്തു. ഞങ്ങളുടെ മുജാഹിദ് സഹോദരിയുടെ ധീരമായ പോരാട്ടത്തിന് വേണ്ടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ കവിത പാടുന്നത്. ഇത്, വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
Post Your Comments