Latest NewsKeralaIndia

ആദിവാസികൾക്ക് നൽകിയ ചെണ്ടയിൽ വരെ വൻ അഴിമതി: അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പെരിങ്ങമലയില്‍ ആദിവാസികള്‍ക്ക് നൽകിയ ചെണ്ടയിൽ വൻ അഴിമതി. ഗുണമേൻമ കുറഞ്ഞ തടിയിലും തുകലിലുമാണ് ആദിവാസികൾക്ക് നൽകിയ ചെണ്ട നിര്‍മ്മിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പട്ടിക വര്‍ഗ ഡയറക്ടറേറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒരു ചെണ്ട വിദഗ്ധനുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്ത് വന്നത്.

‘ചെണ്ടയുടെ അടിഭാഗം അഥവാ മന്ദം മോശമാണ്, ഏഴടുക്ക് തുകലിന് പകരം രണ്ടടുക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, തുകലിന് നിലവാരം ഇല്ല, നിര്‍മ്മാണ രീതി മോശപ്പെട്ടത്, ചെണ്ട വാങ്ങിയപ്പോള്‍ വിദഗ്ധന്‍റെ അഭിപ്രായം തേടിയില്ല,’ എന്നിങ്ങനെ പോകുന്നു കണ്ടെത്തലുകള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലാണ്, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറ് ലക്ഷം രൂപ അനുവദിച്ചത്.

പെരിങ്ങമല പോട്ടമാവ് ആദിവാസി കോളനിയിലെ വനിതകള്‍ക്ക് കിട്ടിയ ഒൻപത് ചെണ്ടയും പൊട്ടിപ്പൊളിഞ്ഞതായിരുന്നു. നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം ആണ് ചെണ്ടകള്‍ വാങ്ങി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പ്രോജക്ട് ഓഫീസറായ റഹീമില്‍ നിന്നും ഡയറക്ടര്‍ വിശദീകരണം തേടി.

അന്വേഷണം മുന്നില്‍ കണ്ട് റഹീം പൊളിഞ്ഞ ചെണ്ട മാറ്റി പുതിയ വാങ്ങി നല്‍കിയിരുന്നു. അതേസമയം, ചെണ്ടകള്‍ക്ക് ഗുണനിലവാരം ഉണ്ടെന്നും ആദിവാസി വനിതകള്‍ വാടകയ്ക്ക് കൊടുത്തത് കൊണ്ടാണ് ചെണ്ട പൊട്ടാൻ കാരണമെന്നുമുള്ള പോട്ടമാവ് ഊരുമൂപ്പന്‍റെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button