
കോഴിക്കോട്: കേരളത്തിലേയ്ക്ക് ലഹരി മരുന്ന് വ്യാപകമാകുന്നു. വീര്യം കൂടിയ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി. എംഡിഎംഎ യുമായി പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് രണ്ടു യുവാക്കളെ പിടികൂടിയത്.
മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട്, ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത.
തലച്ചോറിലെ കോശങ്ങള്‍ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയില്‍ വിവിധ പേരുകളിലായി എത്തുന്നത്.
Post Your Comments