ന്യൂഡല്‍ഹി: ഇന്ധനവിലയിലെ വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്താണ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഗുജറാത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 950 ശതമാനം വര്‍ധനവുണ്ടായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കണ്ടതായാണ് ഇത് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 2019 അവസാനം വരെ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 1000 തികഞ്ഞിരുന്നില്ല എന്നാണ്. എന്നാല്‍, 2020-ല്‍ അത് 1,119 ആയി വര്‍ധിച്ചു. പെട്ടെന്ന്, രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 2021 അവസാനത്തോടെ 9,780 ആയി ഉയര്‍ന്നു. ഇതോടെ, ഗുജറാത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 956 ശതമാനത്തോളം വര്‍ധിച്ചു എന്നാണ് കണക്കുകള്‍.
2025 അവസാനത്തോടെ, ഗുജറാത്ത് റോഡുകളില്‍ കുറഞ്ഞത് രണ്ടു ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ 25 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്തില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ ഇനിയും കുറവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments