![](/wp-content/uploads/2022/03/whatsapp-image-2022-03-28-at-11.39.25-am.jpeg)
കോഴിക്കോട്: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിലായി. കോളത്തറ കണ്ണാടികുളം റോഡിന് സമീപം വരിക്കോളി മജീദ് എന്ന് അറിയപ്പെടുന്ന ഇമ്പാല മജീദാണ് (55) കസബ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡായ ഡൻസാഫും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്. വിൽക്കാനായി സൂക്ഷിച്ചിരുന്ന അൻപതോളം കഞ്ചാവ് പൊതികളും ഇയാളിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
Also read: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലെത്തി: നാളെ ബിംസ്റ്റെക് മന്ത്രിതല യോഗത്തിൽ പങ്കെടുക്കും
മൊത്തം 300 ഗ്രാം കഞ്ചാവാണ് ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 500 രൂപ മുതൽ 1000 രൂപ വരെ ഈടാക്കിയാണ് സംഘം ഇത്തരം പൊതികൾ വില്പന നടത്തിയിരുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിലേക്ക് കഞ്ചാവ് എത്തുന്നത്. ആന്ധ്രയിൽ നിന്നും കടത്തി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിൻ്റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറാണ് ഡൻസാഫിന് നേതൃത്വം നൽകുന്നത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ജില്ലയിൽ പൊലീസ് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
Post Your Comments