കീവ്: യുക്രെയ്നിന്റെ ശക്തമായ ചെറുത്തുനില്‍പ്പിനെ മറികടന്ന്, റഷ്യന്‍ സൈന്യം വടക്കന്‍ മേഖലയില്‍ ചെര്‍ണോബിലിനു സമീപമുള്ള സ്ലാവ്യുടിക് പട്ടണം പിടിച്ചെടുത്തു. സൈനിക നടപടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്ന് പ്രദേശങ്ങളുടെ മോചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യ വ്യക്തമാക്കി.
1986ല്‍ വന്‍ ആണവ ദുരന്തമുണ്ടായ ചെര്‍ണോബില്‍ ആണവനിലയത്തിലെ ജോലിക്കാര്‍ താമസിക്കുന്ന പട്ടണമാണ് ബെലാറൂസ് അതിര്‍ത്തിയിലെ സ്ലാവ്യുടിക്. കഴിഞ്ഞ മാസം 24ന് അധിനിവേശത്തിന്റെ ആരംഭത്തില്‍ തന്നെ ചെര്‍ണോബില്‍ ആണവ നിലയം റഷ്യന്‍സേന പിടിച്ചെടുത്തെങ്കിലും ആണവനിലയത്തിലെ ജോലികള്‍ യുക്രെയ്ന് ജീവനക്കാര്‍ തുടര്‍ന്നിരുന്നു.
അതേസമയം, മരിയുപോളിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മേയര്‍ വദിം ബൊയ്ചെങ്ക അറിയിച്ചു. തകര്‍ന്നടിഞ്ഞ നഗരത്തിന്റെ പല ഭാഗങ്ങളിലും യുക്രെയ്ന് സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് ശക്തമായി തുടരുകയാണ്. ഒരു ലക്ഷത്തിലേറെ പേരാണു നഗരത്തില്‍ ശേഷിക്കുന്നത്. മരിയുപോള്‍ തുറമുഖം പൂര്‍ണമായി തകര്‍ക്കാനാണു റഷ്യയുടെ ശ്രമമെന്നും, ഇതു ലോകത്തിനാകെ വിനാശകരമാണെന്നും യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി ഖത്തറിലെ ദോഹ ഫോറം യോഗത്തില്‍ വീഡിയോ വഴി അറിയിച്ചു.
Post Your Comments