ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിൽ നടന്ന സംഭവത്തിൽ വീടിന്റെ വരാന്തയിൽ ചാർജ് ചെയ്യാനായി വെച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹന പ്രീതി എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പോലൂരിലെ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മോഹനപ്രീതി.
പുതിയതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ വീടിന്‍റെ വരാന്തയിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. അപകടത്തിൽ, സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. ജനാലകളില്ലാത്ത രണ്ടുമുറി വീട്ടിലേക്കും തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ അച്ഛനും മകളും ശുചിമുറിയിൽ അഭയം തേടുകയായിരുന്നു. ഇവിടേക്ക് പുകപടർന്ന് ശ്വാസം മുട്ടിയാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
അപകടം നടന്നത് പുലർച്ചെയായതിനാൽ തീപിടിത്തം അയൽവാസികളും അറിഞ്ഞില്ല. വെല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അടുക്കമ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Post Your Comments