കൊച്ചി : മാർച്ച് 28, 29 തീയതികളിൽ വിവിധ തൊഴിലാളി യൂണിയനുകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഉത്തരവ്. സിഐടിയു, ഐഎൻടിയുസി തുടങ്ങി അഞ്ചു തൊഴിലാളി യൂണിയനുകളുടെ സമരമാണു കോടതി തടഞ്ഞത്. ഹർജിക്കാരുടെ ആശങ്ക കോടതിക്കു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് പി.റാവൽ പറഞ്ഞു.
കൂടാതെ, പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുകയാണ്. പണിമുടക്കു ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്, 28ന് രാവിലെ ആറു മുതൽ 30ന് പുലർച്ചെ ആറു വരെ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, ആംബുലൻസ്, മരുന്നു കടകൾ, പാൽ, പത്രം തുടങ്ങി അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments