Latest NewsKeralaIndia

മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു

ഐസിസ് ഭീകരർക്കോ താലിബാൻ റിക്രൂട്ടുകൾക്കോ വേണമെങ്കിലും ആ പഴുത് ഉപയോഗിച്ച് തങ്ങൾക്ക് വേണ്ടത് ചെയ്യാമായിരുന്നല്ലോ!

തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ സംഭവത്തിൽ പ്രതികരണവുമായി ശങ്കു ടി ദാസ്. മുഖ്യമന്ത്രിയുടെ വസതിയിൽ പോലും പോലീസിന്റെ കണ്ണുവെട്ടിച്ച് ആർക്കും കയറാമെന്നാണ് ഈ സംഭവത്തിലൂടെ തെളിയുന്നതെന്ന് ശങ്കു ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ ആറ് യുവമോർച്ചാ പ്രവർത്തകർ ചെയ്തത് കെ.റെയിലെന്ന ജനദ്രോഹ പദ്ധതിയെ വെല്ലുവിളിക്കുക മാത്രമല്ല, സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം തുറന്ന് കാട്ടുക കൂടിയാണ്.
24 മണിക്കൂർ മുൻപേ കൂട്ടി പ്രഖ്യാപിച്ചു പറഞ്ഞ സമയത്ത് തന്നെ നടത്തിയ ഒരു പ്രതിഷേധമാണ് കേരളാ പോലീസിന് തടയാൻ ആവാതെ പോയത് എന്നോർക്കണം.

സംസ്ഥാനത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ല് നാട്ടി പുറത്തിറങ്ങിയ ആളുകൾ സ്വയം അത് വിളംബരം ചെയ്ത ശേഷം മാത്രമാണ് തലസ്ഥാനത്തെ പോലീസുകാർ അങ്ങനെയൊരു കാര്യം നടന്നതായി പോലും അറിഞ്ഞത്.
കേരള പോലീസിന് മേൽ ഒരു സ്വാധീനവുമില്ലാത്ത യുവമോർച്ചക്കാർക്ക് വരെ അതിസുരക്ഷിതമായ മുഖ്യമന്ത്രിയുടെ വീടിന്റെ മതില് ചാടി കടന്നു വേണ്ടത് ചെയ്യാമെങ്കിൽ ഇന്നാട്ടിൽ ആർക്കാണത് പറ്റാത്തത്?!

ഐസിസ് ഭീകരർക്കോ താലിബാൻ റിക്രൂട്ടുകൾക്കോ വേണമെങ്കിലും ഇന്നുച്ചയ്ക്കുണ്ടായ ആ പഴുത് ഉപയോഗിച്ച് തങ്ങൾക്ക് വേണ്ടത് ചെയ്യാമായിരുന്നല്ലോ!
യുവമോർച്ചക്കാർ ഒരു മഞ്ഞ കുറ്റിയേ കൊണ്ട് വെച്ചുള്ളൂ പിണറായി വിജയന്റെ വീട്ടു വളപ്പിൽ.
മറ്റവർക്ക് അതിന് പകരം എന്തൊക്കെ സംഗതികൾ കൊണ്ട് വെയ്ക്കായിരുന്നു!!
എങ്കിൽ സംസ്ഥാന സർക്കാരിനെ തന്നെ ബന്ധിയാക്കി കേരളത്തോട് മുഴുവൻ വില പേശാൻ അവർക്ക് സാധിക്കുമായിരുന്നില്ലേ?

ഇന്റലിജൻസ് പിഴവ് എന്നൊരു അഴകൊഴമ്പൻ ന്യായീകരണത്തിൽ മാത്രം പോലീസ് മേധാവികൾക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാൻ സാധിക്കുമായിരുന്നോ?
സംസ്ഥാന ആഭ്യന്തര വകുപ്പിനെ പറ്റി പല വിമർശനങ്ങളും നമ്മൾ മുൻപും കേട്ടിട്ടുണ്ട്.
പക്ഷെ സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പോലും മതിയായ സുരക്ഷ ഉറപ്പ് കൊടുക്കാൻ പറ്റാത്തൊരു കുത്തഴിഞ്ഞ വകുപ്പായി അത് മാറിയിട്ടുണ്ടെന്ന് ഇന്നാണ് നമ്മൾ അറിയുന്നത്.

മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ കൊടുക്കുന്നത്?
ഇവരെ നമ്പി ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിന് സത്യത്തിൽ ഇന്നാട്ടിൽ എന്തുറപ്പാണുള്ളത്?

ഈയൊരു ഗുരുതര സാഹചര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയതിന് യുവ മോർച്ച ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
അവർ മുഖ്യമന്ത്രിയുടെ വീട്ടു വളപ്പിൽ ഒരു മഞ്ഞ കല്ല് നാട്ടുക മാത്രമല്ല,
മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ മേയുന്ന വെള്ള ആനകളെ തുറന്ന് കാണിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button