കൊച്ചി: ഇടപ്പള്ളിയിലെ വീട്ടിൽ ഇരുപത്തിയൊന്നുകാരി തനിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് നാട്ടുകാർ. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയിൽ പോളും ഭാര്യ സെലിനും ചേർന്നു മൃഗീയ പീഡനമുറകളാണ് കഴിഞ്ഞ ഏഴു വർഷമായി ഈ കർണാടക സ്വദേശിനിയോട് കാട്ടിയത്. ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷ കൂടിയായ രണ്ടാം പ്രതി സെലിൻ പോൾ ഒളിവിലാണ്.
കഴിഞ്ഞ വനിതാദിനത്തിൽ, വനിതാക്ഷേമ സമിതി നടത്തിയ പരിപാടിയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും പറ്റി സെലിൻ പ്രസംഗിച്ചിരുന്നു. പകൽ കൊടിയ മർദ്ദനവും രാത്രി മുതലാളിയുടെ ക്രൂര ലൈംഗിക വൈകൃതവും പെൺകുട്ടി 14 വയസ്സുമുതൽ നേരിടേണ്ടി വന്നുവെന്നാണു യുവതി പൊലീസിനു നൽകിയ മൊഴി. കഴിഞ്ഞ ദിവസം, അടിയേറ്റു മൂക്കിൽ നിന്നു ചോരയൊലിപ്പിച്ച നിലയിലാണ് യുവതി രക്ഷതേടി അയൽവീട്ടിലേക്ക് ഓടിക്കയറിയത്.
ഇതോടെയാണ്, നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന്, സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് താൻ നേരിടുന്ന പീഡനത്തെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ വനിതാദിനത്തിൽ സെലിനും മറ്റു പ്രതിനിധികളും നടത്തിയ പ്രസംഗമാണ് പെൺകുട്ടിയുടെ കണ്ണ് തുറപ്പിച്ചത്. സ്ത്രീകൾക്കായി നിലവിലുള്ള നിയമത്തെ പറ്റിയും അവർക്ക് ലഭിക്കുന്ന അംഗീകാരത്തെപറ്റിയും സെലിൻ പോൾ പ്രസംഗിക്കുമ്പോൾ ഇത് കേട്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു പെൺകുട്ടി.
ഒരു സ്ത്രീക്ക് ഇത്രയേറെ പരിരക്ഷ ഈ നാട്ടിൽ കിട്ടും എന്നത് പുതിയ അറിവായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത, ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റ് അസിസ്റ്റന്റ് റീജിയണൽ ഡയറക്ടർ ഡോ.വി.ടി ജലജകുമാരിയുടേതടക്കമുള്ള പ്രസംഗം പെൺകുട്ടി ചായ വിളമ്പുന്നതിനിടയിൽ കേട്ടു. ഇതോടെയാണ്, താൻ അനുഭവിക്കുന്ന ക്രൂരതയുടെ ആഴം മനസ്സിലായത്. സ്ത്രീകൾക്ക് ശക്തമായ നിയമ സംവിധാനം ഈ നാട്ടിലുണ്ട് എന്ന് ബോധ്യപ്പെട്ടത്. ഈ ധൈര്യമാണ്, പൊലീസ് അന്വേഷിക്കാനെത്തിയപ്പോൾ എല്ലാം തുറന്നു പറയാൻ പെൺകുട്ടിയെ പ്രാപ്തയാക്കിയത്.
എറണാകുളം വനിതാ സെല്ലിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ പെൺകുട്ടി പറഞ്ഞ ദുരിത കഥ ആരുടെയും കരളലിപ്പിക്കുന്നതായിരുന്നു. 14 വയസ്സുള്ളപ്പോൾ കർണ്ണാടകയിൽ നിന്നും തന്നെ കൊണ്ടുവന്നതാണെന്നും വീട്ടുവേലയ്ക്കായിട്ടാണ് നിർത്തിയിരുന്നത് എന്നും പെൺകുട്ടി പറഞ്ഞു. രണ്ടു നിലകളുള്ള വീടിന് പെയിന്റ് ചെയ്യിപ്പിക്കുക, വീട്ടിലെ മുഴുവൻ ജോലികൾ ചെയ്യിപ്പിക്കുക, കാറ്ററിങ് സർവ്വീസിനായി ഭക്ഷണം ഒറ്റക്ക് പാകം ചെയ്യിപ്പിക്കുക തുടങ്ങീ ഭാരമുള്ള ജോലികളാണ് ചെയ്യിപ്പിച്ചിരുന്നത്.
രാവിലെ 5 മണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി 12 മണിയോടെയാകും. കൂടാതെ പോളിൻ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കും. ഇത്തരത്തിൽ കൊടിയ പീഡനത്തിനിരയായ പെൺകുട്ടി പലവട്ടം വീട്ടിൽ നിന്നും ഇറങ്ങി ഓടി അയൽ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും വീണ്ടും ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അടിമയെ പോലെ പണിയെടുപ്പിക്കുകയും ശാരീരിക പീഡനം നടത്തുകയുമായിരുന്നു.
കൂടാതെ, പെൺകുട്ടിക്ക് വേണ്ട യാതൊന്നും ഇവർ വാങ്ങി നല്കിയിരുന്നുമില്ല. കാശില്ലാതെ എല്ലാ പണിയും ചെയ്യുന്ന ഒരു അടിമയായിരുന്നു അവൾ. ഒരു പൗരന്റെ മുഴുവൻ മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഇവിടെ നടന്നിരുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായതോടെയാണ് കേസെടുത്തതും പോളിനെ അറസ്റ്റ് ചെയ്തതും.
Post Your Comments