റോം: യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. അതേസമയം, തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഖത്തറിലേക്ക് ഒരു ചുവടുകൂടി വച്ചു.
ശക്തരായ ഇറ്റലിയോ അല്ലെങ്കിൽ പോര്‍ച്ചുഗലോ, ഒരു ടീമേ ഖത്തറിലേക്ക് ടിക്കറ്റെടുക്കൂ എന്ന് ഫുട്ബോള്‍ ലോകത്തിന് ഉറപ്പായിരുന്നു. എന്നാല്‍, 92-ാം മിനിറ്റില്‍ അലക്സാണ്ടർ ട്രജ്കോവ്സ്കിയുടെ ലോങ് റേഞ്ചർ ഷോട്ട് സ്വന്തം കാണികളുടെ മുന്നിൽ അസൂറികളുടെ നെഞ്ചുപിളർത്തി. ജീവൻമരണ പോരാട്ടത്തിൽ 65 ശതമാനം പന്തടക്കമുണ്ടായിട്ടും നിർഭാഗ്യം ഇറ്റലിയുടെ വഴിമുടക്കുകയായിരുന്നു.
Read Also:- ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അതേസമയം, ഒന്നിനെതിരെ മൂന്ന് ഗോളിന് പോർച്ചുഗൽ തുർക്കിയെ പരാജയപ്പെടുത്തി. ഒട്ടാവിയോ(15), ഡിയോഗോ ജോട്ട(42), മാത്യൂസ് ന്യൂനെസ്(90+4) എന്നിവർ സ്കോറർമാരായപ്പോൾ പോർച്ചുഗൽ ഖത്തറിലേക്ക് ഒരു ചുവടുകൂടി വച്ചു. തുർക്കിയുടെ ആശ്വാസ ഗോൾ നേടിയ യിൽമാസ് 86-ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതും പോർച്ചുഗൽ ജയത്തിൽ നിർണായകമായി. ചൊവ്വാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗല്ലിന്റെ എതിരാളികള്‍.
Post Your Comments