![](/wp-content/uploads/2022/03/untitled-1-47.jpg)
ആലപ്പുഴ: കെ റെയിലിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആകുലതകളും ആശങ്കകളുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സഖാക്കൾ ഒഴിച്ചുള്ളവർ പദ്ധതിയെ എതിർക്കുന്ന കാഴ്ചയാണ് എങ്ങും കാണാനാകുന്നത്. സർവേ കല്ലിടാൻ വരുന്ന പോലീസുകാരോട് വികാരഭരിതമായി പ്രതികരിക്കുന്ന അമ്മമാരെ ചാനലുകളിൽ കാണാനാകും. അവർ അവരുടെ ഭൂമിക്കും വീടിനും വേണ്ടി പോരാടുന്നവരാണ്. പ്രഥമദൃഷ്ട്യാൽ അല്ലെങ്കിലും, സി.പി.എം ഇതിൽ അസ്വസ്ഥരാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടെ വീടും മണ്ണും കെ റെയിലിനായി ജനങ്ങൾ വിട്ടുനൽകണമെങ്കിൽ, അതിന് നല്ലൊരു വഴിയുണ്ടെന്ന് പറയുകയാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
കെ റെയിലിന് വേണ്ടി തന്റെ വീട് വിട്ടുനൽകാൻ സന്തോഷമേയുള്ളൂ എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളെ സഖാക്കൾ കൊട്ടിഘോഷിച്ചതും അടുത്ത് തന്നെയാണ്. മന്ത്രിക്ക് കൈയ്യടിച്ച് ‘കണ്ടുപഠിക്ക്’ എന്ന സ്ഥിരം സ്തുതി കിരണങ്ങളുമായി മുൻപന്തിയിൽ നിൽക്കുന്ന സഖാക്കൾക്ക് മുന്നിലേക്ക് സന്ദീപ് വെയ്ക്കുന്നത് ‘കിടപ്പാടം നഷ്ടമാകുന്ന പാവങ്ങൾക്ക് സഖാക്കളുടെ വീട് നൽകും’ എന്ന ചലഞ്ച് ആണ്. സാലറി ചലഞ്ച് മുതൽ വാക്സിൻ ചലഞ്ച് വരെ ഏറ്റെടുത്ത് നടപ്പിലാക്കിയ സിപിഎമ്മിന് ഈ ചലഞ്ച് ഒരു വെല്ലുവിളി ആകില്ല എന്ന നിഗമനവും അദ്ദേഹം നടത്തുന്നുണ്ട്. പിണറായി മാസാണെന്ന് പറയാൻ സഖാക്കൾക്ക് കിട്ടുന്ന ഏറ്റവും സുവർണാവസരം ആകും ഇതെന്നും സന്ദീപ് പരിഹസിക്കുന്നു.
സന്ദീപ് വാചസ്പതിയുടെ വാക്കുകൾ:
പരിസ്ഥിതിയുടെ നാശം അവിടെ നിൽക്കട്ടെ. ആദ്യം നമുക്ക് കെ റെയിലിന്റെ പേരിൽ കിടപ്പാടം നഷ്ടമാകുന്ന പാവങ്ങളുടെ കാര്യം പറയാം. കെ റെയിലിന് വേണ്ടി മന്ത്രി സജി ചെറിയാൻ തന്റെ വീട് വിട്ടുനൽകാൻ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ സ്ഥിതിക്ക് നമുക്ക് അത്തരം ഒരു ചലഞ്ചിനെ കുറിച്ച് പറയാം. ഇനി ഇപ്പോൾ മാറ്റിയ അലൈൻമെന്റ് മാറ്റിമറിക്കാൻ ഒന്നും മെനക്കെടേണ്ട. സജി ചെറിയാൻ ആ വീട് കെ റെയിൽ കാരണം കിടപ്പാടം നഷ്ടമാകുന്ന ഒരാൾക്ക് നൽകട്ടെ. മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയുള്ള ഒരാൾക്ക് നൽകിയാൽ മതി. വെറുതേ വേണ്ട. വീട് ആർക്കാണോ നൽകുന്നത് അയാളുടെ ഭൂമിക്ക് കിട്ടുന്ന നാലിരട്ടി നഷ്ടപരിഹാരം സജി ചെറിയാൻ എടുത്തോളു. അതല്ലേ ഹീറോയിസം?
സജി ചെറിയാൻ ഇത്തരത്തിൽ ഒരു കാമ്പയിന് തുടക്കമിട്ടാൽ അത് കേരളത്തിലെ സിപിഎം സഖാക്കൾ ഒന്നടങ്കം ഏറ്റെടുക്കും. കിടപ്പാടം നഷ്ടമാകുന്ന പാവങ്ങൾക്ക് സഖാക്കളുടെ വീട് നൽകും. സന്തോഷത്തോടെയും സമാധാനത്തോടെയും അവർ കെ റെയിലിനായി വീടും പുരയിടവും വിട്ടുകൊടുക്കും. പിണറായി വിജയനും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനുമെല്ലാം നഷ്ടപരിഹാരം വാങ്ങി സ്വന്തം വീട് കെ റെയിൽ ഇരകൾക്കായി വിട്ടുകൊടുക്കുന്ന രംഗം ഒന്ന് സങ്കൽപ്പിച്ച് നോക്കൂ.. രോമാഞ്ചം കൊള്ളുന്നില്ലേ? അപ്പോൾ സഖാക്കൾക്കുണ്ടാകുന്ന ഉന്മേഷവും കോൾമയിരും എത്രത്തോളമാകും?
സിപിഎം അത്തരം ഒരു ചലഞ്ച് ഏറ്റെടുക്കുകയാണെങ്കിൽ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വിപ്ലവ പ്രവർത്തനമാകും അത്. പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും എംഎൽഎമാരും സ്വന്തം വീടുകൾ കെ റെയിൽ ഇരകൾക്ക് നൽകണം. ഫലം വലിയ പൊതുജന പിന്തുണ ലഭിക്കും. ലാഭം, തങ്ങളുടെ വസ്തുവിനെക്കാൾ ഉയർന്ന വില (ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന നാലിരട്ടി വില) തങ്ങൾക്ക് സ്വന്തം. നഗരങ്ങളിൽ ഫ്ലാറ്റോ അല്ലെങ്കിൽ ഗ്രാമങ്ങളിൽ ഒരേക്കർ വസ്തു വാങ്ങി ആയിരം സ്ക്വയർ ഫീറ്റിൽ ഒരു വീടും വെച്ചാലും പിന്നെയും പണം ബാക്കിയാകും. ആ പണം കൊണ്ട് വേണമെങ്കിൽ ഒരു പാർട്ടിയാപ്പീസ് പണിയാം. അല്ലെങ്കിൽ മക്കളുടെ പേരിൽ ബാങ്കിലിടാം. പ്രതിഷേധമില്ലാതെ കെ റെയിൽ നടപ്പാകുകയും ചെയ്യും സമൂഹത്തിൽ വലിയ ത്യാഗികളെന്ന പേരും ലഭിക്കും. കൈ നിറയെ പണവും കിട്ടും. ഇതാണ് സഖാക്കളെ സുവർണാവസരം. മടിച്ചു നിൽക്കാതെ അറച്ചു നിൽക്കാതെ അമാന്തം വരുത്താതെ എത്രയും വേഗം വീട് വിട്ടു നൽകൽ ചലഞ്ച് പ്രഖ്യാപിക്കൂ.
സാലറി ചലഞ്ച് മുതൽ വാക്സിൻ ചലഞ്ച് വരെ ഏറ്റെടുത്ത മുൻപരിചയമുണ്ടല്ലോ. ഓർമ്മയില്ലേ പണ്ട് വിളിച്ച ഒരു മുദ്രാവാക്യം ?
“ചോര കൊടുത്തും
നീരു കൊടുത്തും
നേടിയെടുത്തൊരു
കേരള സർക്കാർ,
ഭൂമി കൊടുക്കാനും മടിക്കില്ല നോക്കിക്കോ കോൺഗ്രസേ… ”
ഒരു ചെറിയ മാറ്റം വരുത്തി കെ റെയിലിനായി സ്വന്തം വീട് കൊടുക്കാനും മടിക്കില്ലെന്ന് പ്രാസമൊപ്പിച്ച് വിളിച്ചാൽ മാസാണ് പിണറായി എന്ന് എതിരാളികൾ പോലും പറയും.
Post Your Comments