നോയിഡ: ജോലി കഴിഞ്ഞ് രാത്രി പത്ത് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടുന്ന പ്രദീപ് മെഹ്‌റ എന്ന ചെറുപ്പക്കാരൻ സമൂഹമാധ്യമങ്ങളിലെ ഇപ്പോൾ താരമാണ്. സൈന്യത്തില്‍ ചേരാനാണ് പ്രദീപിന്റെ ആഗ്രഹമെന്നറിഞ്ഞപ്പോള്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിരവധി പേരാണ് പ്രദീപിന് പിന്തുണയുമായി എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, വ്യവസായി ആനന്ദ് മഹീന്ദ്ര, പുനെ പൊലീസ് തുടങ്ങി നിരവധി പേരാണ് പ്രദീപിന്റെ വൈറല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഇപ്പോൾ, പ്രദീപ് മെഹ്‌റയ്ക്ക് സഹായപ്രവാഹമാണ്. സൈന്യത്തില്‍ ചേരാന്‍ പരിശീലനത്തിനുള്ള സഹായം നല്‍കുമെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്.ജനറല്‍ ദുവ ട്വീറ്റ് ചെയ്തു. നിര്‍മാതാവ് അതുല് കാസ്‌ബേക്കര്‍ പ്രദീപിന് സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു. നോയിഡ ജില്ലാ മജിസ്‌ട്രേറ്റും യുവാവിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
‘നമുക്കെല്ലാവര്‍ക്കും പ്രദീപ് ഏറെ പ്രചോദനമാണ്. ഞാനും അദ്ദേഹത്തിന്റെ ആരാധകനായി മാറി. പ്രദീപിന്റെ സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്കായി എല്ലാ സഹായവും ഉറപ്പുവരുത്തും. അവര്‍ക്ക് താത്പര്യമുള്ള സ്ഥലത്തായിരിക്കും ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക’. നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് പ്രതികരിച്ചു.
സംവിധായകന്‍ വിനോദ് കാപ്രി പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രദീപിനെ ലോകമറിഞ്ഞത്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിത ലക്ഷ്യം കൂടി നേടുന്നതിന്റെ ഭാഗമായാണ് പ്രദീപ് 10 കിലോമീറ്റര്‍ ഓട്ടം എന്ന മാര്‍ഗം തെരഞ്ഞെടുത്തത്.
‘ശുദ്ധസ്വര്‍ണം’ എന്ന തലക്കെട്ടിനൊപ്പമാണ് വിനോദ് കാപ്രി വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നോയിഡയിലെ തെരുവിലൂടെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കോടുകയായിരുന്നു പ്രദീപ് മെഹ്‌റ. തന്റെ വാഹനത്തില്‍ വീട്ടിലെത്തിക്കാമെന്ന് വിനോദ് കാപ്രി അറിയിച്ചെങ്കിലും, സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ ഓട്ടമെന്നായിരുന്നു പ്രദീപിന്റെ സ്‌നേഹത്തോടെയുള്ള മറുപടി. തോളില്‍ ഒരു ബാഗുമിട്ടാണ് ഈ യുവാവ് 10 കിലോമീറ്റര്‍ ഓടുന്നത്.
Post Your Comments