തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ നേതാവാകാൻ ഭാഷ ഒരു മാനദണ്ഡമല്ലെന്നും കഴിവും ആത്മാർത്ഥതയും നേതൃഗുണങ്ങളുമാണ് മുഖ്യമെന്നും ടിഎൻ പ്രതാപൻ എംപി. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണെന്ന് കെ മുരളീധരൻ എംപി പരാമർശിച്ചിരുന്നു. ഇതിന് പരോക്ഷമായിട്ടാണ് പ്രതാപന്റെ പ്രതികരണം.
പ്രതാപന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കെ കാമരാജിനെ അറിയുമോ? കെ കരുണാകരനെയും എ കെ ആന്റണിയെയും അറിയുമോ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതൃസ്ഥാനങ്ങളിൽ ഇരുന്ന മൂന്നാളുകളാണ്. കാമരാജ് പാർട്ടിയുടെ രണ്ട് പ്രധാനമന്ത്രിമാരെ നിശ്ചയിച്ച എഐസിസി പ്രെസിഡന്റായിരുന്നു. തമിഴ്‌നാട്ടിൽ മൂന്നുതവണ മുഖ്യമന്ത്രിയായ കാമരാജ് ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്നും വലിയ മാതൃകയാണ്. കാമരാജിന് ഹിന്ദി അറിയില്ലായിരുന്നു. തമിഴ് മാത്രമാണ് വശം. എന്നിട്ടും കോൺഗ്രസ് രാഷ്ട്രീയം ദേശത്ത് മുഴുവൻ വ്യാപിപ്പിക്കാനും പാർട്ടിക്ക് അനിഷേധ്യമായ വിധം നേതൃത്വം കൊടുക്കുവാനും യാതൊരു തടസ്സവുമുണ്ടായിട്ടില്ല.
കെ കരുണാകരൻ രാജ്യം എന്നുമോർമ്മിക്കുന്ന കിംഗ് മേക്കറാണ്. ഹിന്ദിയിൽ പണ്ഡിറ്റ് ഒന്നുമായിരുന്നില്ല ലീഡർ. പക്ഷെ, അതുല്യനായ നേതാവായി തന്നെയാണ് ഡൽഹിയിലും പ്രവർത്തിച്ചത്. ഈ പാർട്ടിയിൽ അസൈന്മെന്റുകൾ കൊടുക്കുന്നതും വാങ്ങുന്നതും ഭാഷയിൽ എത്ര കഴിവുണ്ടെന്ന് പരിശോധിച്ചിട്ടാണ് എന്നതൊരു തെറ്റിദ്ധാരണയാണ് എന്നുപറയാനാണ് ഈ രണ്ടുപേരുകളും ചരിത്രവും ഓർമ്മപ്പിച്ചത്.
ശ്രീ. എ കെ ആന്റണിയും വിസ്മയകരമായ രാഷ്ട്രീയ ചരിത്രമുള്ളയാളാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയിൽ അംഗമായ ശ്രീ. എകെ ആന്റണി രാജ്യത്തെ ഏറ്റവും പ്രഗല്ഭനായ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടക്കക്കാലത്ത് ഹിന്ദിയിൽ ഒരു പ്രാവീണ്യവും ഉണ്ടായിരുന്ന ആളല്ല അദ്ദേഹം. കോൺഗ്രസ് പാർട്ടിയിൽ നേതാവാകാൻ ഭാഷ ഒരു മാനദണ്ഡമല്ല. കഴിവും ആത്മാർത്ഥതയും നേതൃഗുണങ്ങളുമാണ് മുഖ്യം. ഭാഷ നോക്കാൻ അതിനിയും പഠിക്കുകയോ അല്ലേങ്കിൾ പരിഭാഷക്ക് ആളെ വെക്കുകയോ ചെയ്താൽ മതി.
രാജ്യത്ത് ഏകശിലാത്മക സംസ്കാരത്തിന് ഒച്ചവെക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഒരു വാദമാണ് ഹിന്ദി അപ്രമാദിത്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയൊന്നുമല്ല ഹിന്ദി.
ഹിന്ദി മാത്രം അറിഞ്ഞതുകൊണ്ട് തെക്കിലും പടിഞ്ഞാറിലും കിഴക്കിലുമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആശയവിനിമയം ഒട്ടും എളുപ്പമാകില്ല. വടക്കും കൈയ്യിൽ എണ്ണാവുന്ന സംസ്ഥാനങ്ങൾ മാറ്റി വെച്ചാൽ സ്ഥിതി സമം. അതുകൊണ്ട് പാർട്ടിയുടെ മുന്നേറ്റങ്ങൾ ഏറ്റെടുക്കുമ്പോഴും ഏല്പിക്കുമ്പോഴും ഭാഷാജ്ഞാനം ഒരു മാനദണ്ഡമാക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളുടെ രാഷ്ട്രീയ വ്യവഹാരം ഒന്നാലോചിക്കുന്നത് ഉചിതമാണ്.
നമ്മളൊക്കെ നമ്മുടെ മുൻഗാമികളെ മറക്കാതിരിക്കുന്നത് നല്ലതാണ് എന്നുമാത്രം പറയട്ടെ.
#AICC #Hindi #Kamaraj #AKAntony #KKarunakaran
Post Your Comments