KeralaLatest News

ഹോർട്ടികോർപ്പിന്റെ സ്ട്രോബറി ഉത്പന്നങ്ങൾ മറിച്ചുവിറ്റു: സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

താൽക്കാലിക ജീവനക്കാരനായ ഇയാൾ മറ്റ് രണ്ടുപേർക്കൊപ്പം ലക്ഷങ്ങൾ വിലമതിക്കുന്ന സ്ട്രോബറി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുപോയി മറിച്ചുവിൽക്കുകയായിരുന്നു.

മൂന്നാർ: സർക്കാർ ഗോഡൗണിൽ നിന്നും സ്ട്രോബറി ഉത്പന്നങ്ങൾ മറിച്ചുവിറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐ മൂന്നാർ ഇക്കാ നഗർ ബ്രാഞ്ച് സെക്രട്ടറിയായ, സൈലന്റ്‌വാലി റോഡിൽ 20 മുറി ലയത്തിൽ എം.മുരുകൻ (52) ആണ് അറസ്റ്റിലായത്. ഹോർട്ടികോർപ്പ് ഗോഡൗണിലെ താൽക്കാലിക ജീവനക്കാരനായ ഇയാൾ മറ്റ് രണ്ടുപേർക്കൊപ്പം ലക്ഷങ്ങൾ വിലമതിക്കുന്ന സ്ട്രോബറി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുപോയി മറിച്ചുവിൽക്കുകയായിരുന്നു.

കൂട്ടുപ്രതികളായ രണ്ടു പേർ ഒളിവിലാണ്. ഹോർട്ടികോർപ്പ് മാനേജർ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്. ഗോഡൗണിൽ നിന്ന് ഇയാൾ സാധനങ്ങൾ വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണു മാനേജർ പരാതി നൽകിയത്.

2021 ജനുവരി മുതൽ, 2022 മാർച്ച് ഏഴ് വരെയുള്ള കാലത്ത് ഇയാൾ ഹോർട്ടികോർപ്പിന്റെ സൈലന്റ്‌വാലി റോഡിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്ട്രോബറി പ്രിസർവ് ഉൾപ്പെടെയുള്ള സാധനങ്ങൾ, പലപ്പോഴായി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി ഇക്കാ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വിറ്റഴിക്കുകയായിരുന്നു. സാധനങ്ങൾ വിറ്റ കടകളിൽ പ്രതിയുമായി പൊലീസ് എത്തി തെളിവെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഹോർട്ടികോർപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു ഇയാൾ. ഒളിവിലുള്ള രണ്ട് പ്രതികളും ഗോഡൗണിലെ താൽക്കാലിക ജീവനക്കാരാണ്. എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, എസ്ഐമാരായ എം.പി.സാഗർ, പി.പി.ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button