മുംബൈ: ബോളിവുഡ് സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ട്. ഹോളി ആഘോഷത്തിന് പിന്നാലെയായിരുന്നു സംവിധായകന്റെ മകൻ മന്നൻ (17) മുംബൈയിലെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. അഞ്ചാമത്തെ നിലയിൽ നിന്ന് വീണതിനാൽ ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. മന്നന്റെ മരണം ആത്മഹത്യയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Also Read:മരിയോപോളില്‍ ബോംബാക്രമണം: സ്‌കൂള്‍ കെട്ടിടം തകർന്നു
മദ്യപാനം നിർത്താൻ പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായി കുട്ടി മുറിയിലെ ജനൽ തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഹോളി ആഘോഷിച്ച് മദ്യപിച്ച് ലക്ക് കെട്ടായിരുന്നു മന്നൻ, ഉച്ചയ്ക്ക് മുംബൈയിലെ ഒബ്റോയ് സ്പ്രിങ്സിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയിട്ടും കുട്ടി മദ്യപാനം തുടർന്നു. മദ്യപിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും നിർത്താൻ തയ്യാറായില്ല. പിതാവും മാതാവും പലതവണ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പ്രകോപിതനായ കുട്ടി ‘അച്ഛൻ പറയുന്നത് അനുസരിക്കാൻ പറ്റില്ലെന്ന്’ പറഞ്ഞു. വഴക്കിന് ശേഷം അച്ഛൻ മുറിക്കുള്ളിലേക്ക് പോയി. ഈ സമയം, മന്നൻ ജനൽ പൊട്ടിച്ച് താഴേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ കോകിലബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുമായും മന്നൻ വഴക്കിട്ടതായും റിപ്പോർട്ടുണ്ട്. മദ്യപിച്ചാൽ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ കുട്ടിക്ക് ഉണ്ടാകാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജയ് ദത്ത് നായകനായ തോർബാസ്, മൻ വേഴ്സസ് ഖാൻ, ജൽ എന്നീ സിനിമകളുടെ സംവിധായകനാണ് ഗിരീഷ് മാലിക്.
Post Your Comments