KeralaNattuvarthaLatest NewsNews

ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്ത രാഷ്ട്രീയ ചരിത്രത്തിൽ ഇഎംഎസ് ഇപ്പോഴുമുണ്ട്: അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: താരതമ്യങ്ങൾക്കതീതനായ നേതാവാണ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം ഇപ്പോഴുമുണ്ടെന്നും, സഖാവിന്റെ സ്‌മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ് ഓർമ്മദിനത്തിൽ ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Also Read:ഗൂഗിൾ മാപ്പ്‌സ് നിശ്ചലമായി: ദിശതെറ്റി യാത്രക്കാർ

‘സഖാവിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്നവയാണ്. ആധുനിക കേരള ചരിത്രത്തിൽ ഇ എമ്മിനുള്ള സ്ഥാനം അനുപമമാണ്. ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം ഈ നാടിനു പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിർണ്ണായകമാണ്. സഖാവിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സ്വപ്നം കാണാൻ ഇന്ന് കേരളത്തെ പ്രാപ്തമാക്കുന്നത് സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം ഉറപ്പു വരുത്താൻ ഇ.എം.എസ് സർക്കാർ നടപ്പാക്കിയ നയങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ടാണ്. ആരോഗ്യമേഖലയിലുൾപ്പെടെ കേരളം ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾക്കു പിന്നിൽ സഖാവിൻ്റെ ദീർഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്’, മുഖ്യമന്ത്രി കുറിച്ചു.

‘യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടെടുത്ത ഇ.എം.എസ് കേരള സമൂഹത്തെ മതനിരപേക്ഷതയുടെ ഇടമായി നിലനിർത്താൻ നിരന്തരം പ്രയത്നിച്ചു. കേരള രാഷ്ട്രീയത്തിനപ്പുറം ലോകത്തിൻ്റെ ചലനങ്ങൾ സൂക്ഷ്‌മായി നിരീക്ഷിച്ചിരുന്ന ഇ.എം.എസിൻ്റെ അസാധാരണമായ ധിഷണയും പാണ്ഡിത്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും നാടിൻ്റെയാകെയും ചരിത്രത്തെ സ്വാധീനിച്ചു. ഒരേ സമയം അസമാന്യനായ തത്വചിന്തകനായും താരതമ്യങ്ങൾക്കതീതനായ നേതാവായും ഇന്ത്യയിലെ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം തിളങ്ങി നിൽക്കുന്നു. സഖാവ് ഇ.എം.എസ് പകർന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. സമത്വസുന്ദരമായ ലോകത്തിനായി ഒത്തൊരുമിച്ചു പോരാടുമെന്ന് ഇ എം എസ് സ്മൃതിയെ മുൻനിർത്തി പ്രതിജ്ഞ ചെയ്യാം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button