Latest NewsInternational

മാസ്‌ക് മാറ്റരുത്: വരാനിരിക്കുന്നത് കൊവിഡിന്റെ നാലാം തരംഗം, ഏഷ്യന്‍ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍, കഴിഞ്ഞയാഴ്ച മാത്രം 8% വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്.

ജനീവ: കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി കൊവിഡ് കേസുകള്‍ ആഗോളതലത്തിലും കുറഞ്ഞു വരികയായിരുന്നു. ഇതോടെ, പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകള്‍ വരുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളത്തിലും മാസ്‌ക് നിര്‍ബന്ധമല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരും കാര്യമായ ആലോചനകള്‍ തുടങ്ങിയത്. ഈ വാര്‍ത്തകള്‍, ജനങ്ങളുടെ സാധാരണ ജീവിതം തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷകളും നല്‍കിയിരുന്നു. എന്നാല്‍, മാസ്ക് ഉടൻ മാറ്റരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തു വന്നിരിക്കുകയാണ്.

കൊവിഡ് 19 ന്റെ പുതിയ കേസുകളില്‍ ഉടന്‍തന്നെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് കഴിഞ്ഞ ദിവസം നൽകിയത്. കൊവിഡ് വ്യാപനം വീണ്ടും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. കൊവിഡിന്റെ ഒരു തരംഗം കൂടി നാം പ്രതീക്ഷിക്കണം. പ്രത്യേകിച്ച്‌, അത് ബാധിക്കാന്‍ പോകുന്നത് ഏഷ്യന്‍ രാജ്യങ്ങളെയായിരിക്കും. ഇപ്പോള്‍, ഈ കാണുന്നത് വലിയൊരു മഞ്ഞു മലയുടെ അഗ്രം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഈ മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും, ജനങ്ങള്‍ കാര്യമായി തന്നെ കരുതല്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം, ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകളാണ്. തൊട്ടു മുമ്പത്തെ ദിവസത്തെ കണക്കിന്റെ ഇരട്ടിയാണിത്. 17 ദശലക്ഷം ജനസംഘ്യയുള്ള ഷെന്‍ഷന്‍ നഗരമുള്‍പ്പടെ ചൈനയുടെ ചില നഗരങ്ങള്‍ ലോക്ഡൗണിലാണ്. അതേസമയം, ഇന്ത്യയുടെ ദിനം പ്രതിയുള്ള കേസുകള്‍ ഇപ്പോഴും 3000ല്‍ താഴെ തുടരുകയാണ്. പല രാജ്യങ്ങളിലും, കൊവിഡ് പരിശോധന കുറവായതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം എല്ലായിടത്തും കുറവാണ്.

അതിനാല്‍ തന്നെ,  കൊവിഡിന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ജാഗരൂകരായിരിക്കണം, വാക്സിനേഷനും കൊവിഡ് ടെസ്റ്റുകളും തുടരണം. ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രായമായവരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം, വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍, കഴിഞ്ഞയാഴ്ച മാത്രം 8% വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്. അതേസമയം, കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണ്. മരണ നിരക്ക്, ഏകദേശം 17 ശതമാനം കുറഞ്ഞുവെന്നാണ്, സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button