തൃശ്ശൂർ: കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിക്ക് പിന്നാലെ, അന്നത്തെ സംഭവങ്ങൾ വിശദീകരിച്ചു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ . ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി ഇന്നലെ രാജ്യസഭയിൽ പറഞ്ഞിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട്, യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്ന അഭ്യർത്ഥനയോടെയാണ് രാജ്യസഭയിൽ അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ്, സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യം മാത്രമല്ല, ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയ ഒരു കടമ്പ കടക്കാനായതും സുരേഷ് ഗോപി കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
തമിഴ് സിനിമയിലെ രംഗമല്ല , റിയൽ ലൈഫാണെന്ന് എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു വയനാട്ടിലെ ശ്രീ.സുരേഷ് ഗോപി എംപിയുടെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തിലുണ്ടായ അനുഭവങ്ങൾ . അതിൽ ഒരു പങ്കാളിത്തം നിർവ്വഹിക്കാൻ കഴിഞ്ഞതോർക്കുമ്പോൾ അതീവ ചാരിതാർത്ഥ്യവും .
കുളത്തൂരിലെ രണ്ട് കോളനികളിലെ സ്വീകരണത്തിന് പോയപ്പോൾ ജനങ്ങൾ ഉന്നയിച്ചത് കുടിവെള്ള പ്രശ്നം. കുറച്ച് ദൂരെ കിണറുണ്ട് , വാട്ടർ ടാങ്കുമുണ്ട് , പക്ഷേ കോളനികളിൽ വർഷങ്ങളായി കുടിവെള്ളമില്ല . പ്രശ്നം സശ്രദ്ധം കേട്ട് ഒരു നെടുവീർപ്പോടെ സുരേഷ് ഗോപി പറഞ്ഞു ‘എം പി ഫണ്ടിൽ പണമില്ല ..’ എങ്ങും നിരാശ കലർന്ന നിശബ്ദത … അപ്പോൾ അദ്ദേഹം പറഞ്ഞു ‘പണം ഞാൻ തരാം , ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് , സന്ദീപ് വേണ്ടത് ചെയ്യൂ’ എന്ന് നിർദ്ദേശം വന്നു.
സുരേഷ് ഗോപി എംപിയുടെ അനുവാദം ചോദിക്കാതെ തന്നെ മൈക്കിലൂടെ ഞാൻ ചോദിച്ചു ” ഇന്ന് തന്നെ പമ്പുകൾ സ്ഥാപിച്ച് പ്ലംബിങ്ങ് പൂർത്തികരിച്ച് കുടിവെള്ളം നൽകാൻ കഴിയുമോ ? എങ്കിൽ എത്ര വൈകിയാലും അദ്ദേഹത്തെ തിരികെ എത്തിച്ച് ഇന്നു രാത്രി തന്നെ ഉദ്ഘാടനം ചെയ്തിരിക്കും” .
. ആഹ്ളാദാരവത്തോടെ ജനം അതേറ്റെടുത്തു.
കാറിൽ കയറിയ ഉടൻ മകൻ ഗോകുൽ സുരേഷുമായി എന്നെ ബന്ധപ്പെടുത്തി. ഓരോ അരമണിക്കൂറിലും പമ്പുകൾ വാങ്ങുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ പഞ്ചായത്ത് മെമ്പറുടെ എക്കൗണ്ടിലേക്ക് 2 പമ്പുകൾക്കും പ്ലംബിങ്ങിനും വേണ്ട തുക 66500/- രൂപ ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൻ്റെ എക്കൗണ്ടിൽ നിന്നും എത്തി.
നിരവധി പരിപാടികൾക്കു ശേഷം ക്ഷീണം വക വയ്ക്കാതെ വീണ്ടും സുരേഷ് ഗോപി കുളത്തൂരിലേക്ക് . രാത്രി പതിനൊന്ന് മണിക്ക് അദ്ദേഹം കുടിവെള്ള പദ്ധതി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്തു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോളനികളിൽ വെള്ളമെത്തി . ആദിവാസി വിഭാഗം നൃത്തം ചവിട്ടിയും തേൻ നൽകിയും അമ്പും വില്ലും നൽകിയും തങ്ങളുടെ പ്രിയ നായകനെ സ്വീകരിച്ചു.
നായാട്ടുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിൻ്റെ ഭാര്യക്ക് ഭൂമി ലഭ്യമാക്കിയാൽ വീട് വയ്ക്കാൻ 4 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു . കൽപ്പറ്റയിലെ ഒരു കോളനിയിൽ സ്ഥലം ലഭ്യമാക്കിയാൽ കുഴൽ കിണർ നിർമ്മിച്ചു നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി . ഡയബറ്റിക്കായ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ 6 ലക്ഷം രൂപയും അദ്ദേഹം പ്രഖ്യാപിച്ചു.
ആദിവാസി യുവാക്കളുടെ സൊസൈറ്റി നെല്ലാറച്ചാലിൽ നടത്തുന്ന മത്സ്യ കൃഷിക്ക് വിപണനം നടത്താനാവശ്യമായ വാഹനം വാങ്ങാനും സുരേഷ് ഗോപി എം പി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു .
സംസ്ഥാന സർക്കാരിലെ വനം – ആദിവാസി ക്ഷേമ വകുപ്പുകൾ തമ്മിലുള്ള വടംവലിയിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ‘എൻ ഊര്’ പദ്ധതിയും അദ്ദേഹം സന്ദർശിച്ചു . വയനാട്ടിലെ വ്യാപാരി വ്യവസായികളുമായും പാരമ്പര്യ വൈദ്യൻമാരുമായും സുരേഷ് ഗോപിഎം പി കൂടിക്കാഴ്ച നടത്തി . മുട്ടിലിലെ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിലെ പുതിയ ഐസിയു വാർഡ് ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി എംപി ബാല സദനവും സന്ദർശിച്ചു.
നിരവധി സ്കൂളുകളാണ് വിദ്യാർത്ഥികളെ മുഴുവൻ റോഡിന് വശത്തേക്ക് കൊണ്ടുവന്ന് അദ്ദേഹത്തിന് അവിചാരിതമായ സ്വീകരണമൊരുക്കിയത് . ഒരു മുഷിപ്പും കാണിക്കാതെ കുട്ടികളെ കെട്ടിപ്പിടിച്ചും ചേർത്തു നിർത്തിയും അവരുടെ കാവലായി താനുണ്ടാകുമെന്ന ഉറപ്പ് സുരേഷ് ഗോപി നൽകി .
യാത്രക്കിടെ വഴിയിൽ കാണുന്ന കർഷകരോട് കാർഷിക നിയമം എന്തിനു വേണ്ടിയായിരുന്നു എന്നദ്ദേഹം വിശദീകരിക്കുന്നുണ്ടായിരുന്നു . കർഷകർ അദ്ദേഹത്തിൻ്റെ വാക്കുകളെ സശ്രദ്ധം കേട്ടു .
എന്നാൽ ഇതിനെയൊക്കെ മറി കടക്കുന്ന മറ്റൊരു സംഭവം പങ്കുവയ്ക്കാതിരിക്കുന്നതെങ്ങനെ ?
വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു . വയനാട്ടുകാരനായ വിഷ്ണു പ്രസാദിന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നെങ്കിലും ഇൻറർവ്യൂവിന് പങ്കെടുക്കണമെങ്കിൽ ഡിജിസിഎയുടെ എ ടി ആർ എൻഡോഴ്സ്മെൻറ് ലൈസൻസ് ആവശ്യമായിരുന്നു . കൽപ്പറ്റയിൽ തിരക്കിനിടെ സുരേഷ് ഗോപിയെ കണ്ട് കാര്യം പറയാൻ സാധിക്കാതെ വിഷമിച്ച ആ അമ്മ എൻ്റെ കയ്യിലൊരു അപേക്ഷയടങ്ങിയ കവർ തന്നു ‘ ഒന്ന് സാറിനോട് പറയണം , ഞങ്ങടെ സ്വപ്നമാണ്, നാല് ദിവസത്തിനുള്ളിൽ നടക്കുന്ന ഇൻറർവ്യൂവിൽ മകന് പങ്കെടുക്കാൻ എ ടി ആർ ലൈസൻസ് വേണം , ഉന്നത ഇടപെടൽ ഉണ്ടെങ്കിലേ നടക്കൂ’. .
കാറിലിരുന്ന് ഞാൻ കാര്യം അവതരിപ്പിച്ചു . ഡൽഹിയിലെത്തിയ ശ്രീ. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ശ്രീ.വി.കെ സിംഗിനെ ഇന്നലെ കാലത്ത് കണ്ടു. ഇന്നലെ വൈകീട്ട് വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് കയ്യിൽ കിട്ടി. ഇനി വിഷ്ണു പ്രസാദിന് ധൈര്യമായി പറക്കാം .
24 മണിക്കൂർ കൊണ്ട് കേരളത്തിലെ ഒരാദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയൊരു കടമ്പ കടക്കാൻ കഴിഞ്ഞത് ശ്രീ.സുരേഷ് ഗോപി എന്ന ഒറ്റ മനുഷ്യൻ്റെ കഴിവു കൊണ്ടാണ് .
എഴുതാൻ വിട്ടു പോയ ഒട്ടേറെ കാര്യങ്ങളുണ്ട് . വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എത്ര ദിവസം വേണമെന്നാണ് ശ്രീ . സുരേഷ് ഗോപി എംപിചോദിച്ചത് . രണ്ട് ദിവസം വേണം സുരേഷേട്ടാ എന്ന് പറഞ്ഞപ്പോൾ ‘ദാ പിടിച്ചോ മൂന്ന് ദിവസം’ എന്ന് മറുപടി .
മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിന് ശേഷം പാർലമെൻ്റ്റൽ പോയി വയനാടിൻ്റെ , കേരളത്തിൻ്റെ , ആദിമ ഗോത്ര ജനതയുടെ ശബ്ദമായി സുരേഷ് ഗോപി എം പി മാറി .
ബത്തേരിയിൽ വച്ച് രാത്രി പിരിയുമ്പോൾ തോളിൽ തട്ടി ‘വെൽഡൺ സന്ദീപ് ‘എന്ന് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ലഭിച്ച വലിയൊരംഗീകാരമായി കരുതുന്നു സുരേഷേട്ടാ .
ബിജെപി വയനാട് സഹപ്രഭാരി എന്ന നിലയിൽ ശ്രീ സുരേഷ് ഗോപി എംപിക്ക് നന്ദി .. നന്ദി .. ഒരായിരം നന്ദി
Post Your Comments