കീവ്: റഷ്യൻ – യുക്രൈൻ സംഘർഷം ഇരുപതാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്സ് ന്യൂസ് ക്യാമറാമാൻ പെയ്റി സാക്രേവ്സ്കിയാണ് കൊല്ലപ്പെട്ടത്. കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.
ഇറാഖ്, അഫ്ഗാനിസ്താൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോക്സ് ന്യൂസിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയിരുന്നത് പെയ്റി ആയിരുന്നു. ‘ പെയ്റിയായിരുന്നു അന്താരാഷ്ട്ര വാർത്തകൾ കവർ ചെയ്തിരുന്നത്. ഒരു സംഭവ സ്ഥലത്തെത്തുമ്പോൾ അവിടെ ക്യാമറയുമായി പെയ്റിയെ കാണുന്നത് നമ്മുടെ ആശങ്കകൾ നീക്കുമായിരുന്നു’- ഫോക്സ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ജയ് വാല്ലേസ് പറയുന്നു.
‘കരിങ്കടലിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കും’- റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൈക്കലോവ്, ഖർകീവ്, ചെർണീവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. ഇതിനിടെ റഷ്യക്കെതിരെ ജപ്പാൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. യുക്രൈനിൽ നിന്ന് ന്യൂസിലൻഡ് കൂടുതൽ പൗരൻമാരെ തിരിച്ചെത്തിക്കും.
Post Your Comments