കൊട്ടാരക്കര: ഉത്സവത്തിരക്കിനിടയിൽ സ്വർണമാല നഷ്‌ടമായ വീട്ടമ്മയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞതോടെ, വലിയൊരു സമസ്യക്ക് ഉത്തരമായിരിക്കുകയാണ്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. മാല നഷ്ടമായതോടെ, വാവിട്ട് നിലവിളിച്ച് നിലത്തു കിടന്നുരുണ്ട വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരി നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ചേർത്തല മരുത്തോർവട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് സുഭദ്രയ്‌ക്ക് വളയൂരി നൽകിയതെന്ന് തിരിച്ചറിഞ്ഞു. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിൽ പോയത്. കരഞ്ഞു നിലവിളിക്കുന്ന സുഭദ്രയെ കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അല്ലാതെ പ്രശസ്തിക്ക് വേണ്ടിയൊന്നും താനത് ചെയ്തതെന്ന് ശ്രീലത പറയുന്നു.വളകൾ സമ്മാനിച്ച് ശ്രീലത പോയെങ്കിലും സുഭദ്രയ്‌ക്കും ആളിനെ പിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
രണ്ടു പവന്റെ വളകൾ നൽകിയ ശേഷം ഇത് വിറ്റ് മാല വാങ്ങിയ ശേഷം ദേവിക്ക് മുന്നിൽ വന്ന് പ്രാർത്ഥിക്കണമെന്നും പറഞ്ഞാണ് ശ്രീലത പോയത്. അത് അക്ഷരംപ്രതി സുഭദ്ര അനുസരിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഭക്തജനങ്ങളെ സാക്ഷിയാക്കി ദേവിക്ക് മുന്നിൽ നിന്ന് സുഭദ്ര മാല കഴുത്തിൽ ധരിച്ചു. കൂടാതെ ദേവിക്ക് സ്വർണ്ണ കുമിളകളും വിളക്കും കാണിക്കയായി സമർപ്പിക്കുകയും ചെയ്തു.
Post Your Comments