റിയാദ്: സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക് താഴുമെന്ന് റിപ്പോർട്ട്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച അവസാനം വരെ താപനില ഗണ്യമായി താഴുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയുമെന്ന് എൻസിഎം അറിയിച്ചു.
തബൂക്ക്, വടക്കൻ അതിർത്തി, ഹായിൽ, അൽ-ജൗഫ് മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില 3 ഡിഗ്രിയിൽ എത്തിയേക്കും. വടക്കൻ മേഖലയിലെ താപനിലയിലെ മാറ്റം അൽ-ഖസീം, അൽ-ഷർഖിയ, റിയാദ് മേഖലകളിലെ ചില ഭാഗങ്ങളിലേക്കുകൂടി വ്യാപിക്കും. അവിടെ കുറഞ്ഞ താപനില 4 ഡിഗ്രിയിലെത്തും.
ചൊവ്വാഴ്ച മുതൽ മക്ക, തബൂക്ക്, മദീന, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ഖസീം എന്നീ പ്രദേശങ്ങളിൽ പൊടിപടങ്ങളോടെ കാറ്റുവീശും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലും റിയാദിലും ഇതിന്റെ ആഘാതം വ്യാപിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലായിരിക്കും. തുടർന്ന് ഇതിന്റെ ആഘാതം വ്യാഴം, വെള്ളി ദിവസങ്ങളിൽ മക്കയിലേക്കും വ്യാപിക്കും.
Post Your Comments