കുര്‍ണൂല്‍: ‘രാധേ ശ്യാം’ നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് സിനിമ മോശമായെന്ന കാരണത്താൽ ആത്മഹത്യ ചെയ്തത്. ഇയാളുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബവും. ഏറെ നാൾ കാത്തിരുന്ന പ്രഭാസ് ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നതാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ആകെ വിഷമത്തിലായിരുന്നു. ചിത്രം മോശമാണ് എന്ന് മാതാവിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, യുവാവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാര്‍ച്ച് 11നായിരുന്നു പ്രഭാസ് നായകനായ ചിത്രം റിലീസ് ചെയ്തത്. ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേ ശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം ഏറെത്തവണ റിലീസ് മാറ്റിവച്ച ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ഫാൻസ് ആഘോഷമാക്കുകയായിരുന്നു. ഇതിനിടയിലാണ് നിരാശാജനകമായ വാർത്തയും പുറത്തുവരുന്നത്. ഹസ്തരേഖ വിദഗ്ധന്റെ വേഷമാണ് ചിത്രത്തിൽ പ്രഭാസിന്. ഹീറോ, ഹീറോയിന്, വില്ലന്‍ എന്നീ പതിവ് ത്രികോണ രസതന്ത്രത്തിന് പുറത്ത് പ്രണയത്തെ പ്രതിഷ്ഠിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നിഗൂഢതകളും ആക്ഷനും നിറഞ്ഞ പ്രണയ ത്രില്ലര്‍ ഇഷ്ടപ്പെടുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് ഇഷ്ടമാകുന്ന സിനിമയാണെന്ന് ആരാധകർ പറയുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനിം ചിത്രം സ്വന്തമാക്കിയത് 79 കോടി രൂപയാണ്. മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ‘രാധേ ശ്യാം’.
Post Your Comments