കൊല്ലം: ക്ഷേത്രത്തില്‍വെച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയ യുവതിയെ തിരിച്ചറിഞ്ഞു. ചേര്‍ത്തല മരത്ത്വാര്‍വട്ടം സ്വദേശി ശ്രീലതയാണ് കൊല്ലം മൈലം സ്വദേശി സുഭന്ദ്രയ്ക്ക് വളകള്‍ ഊരി നല്‍കിയത്. സ്വര്‍ണ മാല മോഷണം പോയതില്‍ സുഭന്ദ്രയുടെ വേദന കണ്ടായിരുന്നു സ്‌നേഹ സമ്മാനം. അതേസമയം ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്ന് ശ്രീലത പറഞ്ഞു.
കണ്ണിന് ഭാഗികമായി മാത്രം കാഴ്ച ശേഷിയുള്ള ശ്രീലത ബന്ധു വീട്ടില്‍ പോയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിലേക്ക് പോയത്. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ നിന്നും ഒരാള്‍ നിലവിളിച്ചു കരയുന്നത് കണ്ടു. അവരോട് കാര്യം ചോദിച്ചപ്പോള്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാല പോയതായി സുഭന്ദ്ര പറഞ്ഞു. അതോടെ താന്‍ കയ്യിലുണ്ടായിരുന്ന വള ഊരി കൊടുക്കുകയായിരുന്നു. ഇത് അത്ര വലിയ കാര്യമായൊന്നും തോന്നുന്നില്ലെന്നും കാഴ്ച ശേഷി കുറവുള്ള തനിക്ക് എന്തായാലും ഇതൊക്കെ ധരിച്ച് കാണാന്‍ കഴിയില്ലെന്നും ശ്രീലത പറഞ്ഞു.
മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇവര്‍. വള നല്‍കിയത് താനാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലായതോടെയാണ് ശ്രീലത കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് മടങ്ങിയത്. അതേസമയം, വളകൾ തന്ന സ്ത്രീ പറഞ്ഞതു പ്രകാരം, സുഭദ്ര പട്ടാഴി ദേവീക്ഷേത്രസന്നിധിയില്‍ വീണ്ടുമെത്തി. വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ നിന്ന് പ്രാർത്ഥിച്ചു കഴുത്തിലണിഞ്ഞു. ഒപ്പം, ദേവിക്ക് ഒരു സ്വർണ്ണ കുമിളയും വിളക്കും കാഴ്ചവെച്ചു.
കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മൈലം പള്ളിക്കല്‍ മുകളിലല്‍ മാങ്ങാട്ട് വീട്ടില്‍ സുഭദ്രയുടെ മാല മോഷണം പോയത്. ഇത് തിരിച്ചറിഞ്ഞ് ഇവര്‍ കരഞ്ഞു നിലവിളിച്ചപ്പോഴാണ്, അജ്ഞാത സ്ത്രീയെത്തി തന്റെ രണ്ട് പവനോളം തൂക്കം വരുന്ന വളകള്‍ ഊരി നല്‍കിയത്. കശുവണ്ടി തൊഴിലാളിയായ ഇവര്‍ ഏറെ ആഗ്രഹിച്ചായിരുന്നു മാല വാങ്ങിയത്.
ഇത്, മോഷണം പോയത് തിരിച്ചറിഞ്ഞ ഇവര്‍ ക്ഷേത്രസന്നിധിയില്‍വെച്ച് നിലവിളിക്കുകയായിരുന്നു. ഇത് കണ്ട് ഒറ്റ കളര്‍ സാരി ധരിച്ച് കണ്ണടയുള്ള ഒരു സ്ത്രീയാണ് തനിയ്ക്ക് രണ്ട് വളകള്‍ സമ്മാനിച്ചതെന്ന് സുഭദ്ര പറഞ്ഞു. വള സമ്മാനിച്ച സ്ത്രീക്കായി ക്ഷേത്രം അധികൃതരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Post Your Comments