‘ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്ന് കേട്ടാൽ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ’
മഹാകവി വള്ളത്തോളിന്റെ ഈ കവിതാശകലം ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെയും ഐക്യകേരള പ്രസ്ഥാനത്തിന്റെയും പതാകയായിരുന്നു. ഇന്നും അതിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടത്. യുദ്ധ ഭൂമിയായ ഉക്രൈനിൽ കുടുങ്ങി കിടന്ന പൗരന്മാരെ കേന്ദ്രസർക്കാർ ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി അതിർത്തി കടത്തി, രാജ്യത്ത് സുരക്ഷിതമായി എത്തിച്ചു. നാട്ടിലെത്തിയ ഓരോരുത്തർക്കും പറയാനുള്ളത്, ഇന്ത്യൻ പതാകയുടെ മഹത്വത്തെ കുറിച്ചാണ്. ഉക്രൈനിൽ കുടുങ്ങി, നാട്ടിൽ തിരിച്ചെത്തിയ മലയാളികൾ വരെ മൂവർണ്ണ പതാകയുടെ പവർ എന്തെന്ന് തിരിച്ചറിഞ്ഞത് സംഘർഷഭരിതമായ കുറേ മണിക്കൂറിലാണ് എന്ന് തുറന്നു പറയുന്നു.
Also Read:വർഗ്ഗീയതയും പണവും കൊടുത്താണ് യുപിയിൽ ബിജെപി കുറഞ്ഞ സീറ്റുകളോടെ വിജയിച്ചത്: സിപിഐഎം പോളിറ്റ് ബ്യൂറോ
ഉക്രൈൻ – റഷ്യ യുദ്ധം ജനങ്ങൾക്ക് ഭീഷണിയായി ആരംഭിച്ച സാഹചര്യത്തിൽ, ഉക്രൈൻ യുദ്ധഭൂമിയിൽ സുരക്ഷിതരായി നിൽക്കാൻ ഒരു ബങ്കർ പോലും കണ്ടെത്താൻ കഴിയാതെ വലഞ്ഞ ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെയാണ്. പോളണ്ട് അതിർത്തി ലക്ഷ്യമാക്കി, ജീവനും ജീവിതവും കൈയ്യിൽ പിടിച്ച് കിലോമീറ്ററുകളോളം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, കൊടും തണുപ്പത്ത് നടന്ന് നീങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്ന വേർതിരിവ് ഇല്ലായിരുന്നു. യുദ്ധം കലുഷിതമായ സാഹചര്യത്തിൽ, ഇന്ത്യൻ ദേശീയ പതാക മുറുക്കെപ്പിടിച്ച് ഉക്രൈനിൽ നിന്നും രക്ഷപ്പെട്ടവരിൽ ടർക്കിഷ്, പാകിസ്ഥാൻ വിദ്യാർത്ഥികളുമുണ്ട്. രക്ഷപ്പെടാനായി ഇക്കൂട്ടർ മുറുകെ പിടിച്ചത് ഇന്ത്യൻ പതാകയെ ആണ്. യുദ്ധത്തിൽ തകർന്ന ഉക്രൈനിൽ നിന്ന് റൊമാനിയൻ നഗരമായ ബുച്ചാറസ്റ്റിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളെ പോലെ തന്നെ ഇന്ത്യൻ പതാകയുമായി നിരവധി പാകിസ്ഥാനി, ടർക്കിഷ് വിദ്യാർത്ഥികൾ നിരവധി ചെക്ക്പോസ്റ്റുകൾ കടന്നുവെന്നായിരുന്നു ഇത്.
ഇന്ത്യൻ പതാകയുടെ മഹത്വവും ശക്തിയും താനടക്കമുള്ള ഇന്ത്യക്കാരും, കൂടെയുണ്ടായിരുന്ന മറ്റ് രാജ്യക്കാരും തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ഉക്രൈനിൽ ഉണ്ടായിരുന്നതെന്ന് നാട്ടിലെത്തിയ വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. പത്തനംതിട്ട സ്വദേശിയായ ദേവി കൃഷ്ണ ആണ്, മൂവർണ്ണ പതാകയുടെ പവർ എന്താണെന്ന് അനുഭവത്തിലൂടെ പറയുന്നത്. ഉക്രൈനിൽ കുടുങ്ങിയ യുവാവ്, കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി അവസാന വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചു കൊണ്ട് ഉക്രൈനിലെ യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, ഭാരതീയനായതിന്റെ അഭിമാനമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നതെന്ന് ദേവി കൃഷ്ണ പറയുന്നു. റിപ്പോർട്ടർ ചാനലിനോടായിരുന്നു യുവാവിന്റെ പ്രതികരണം.
Also Read:ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, സ്കൂളുകൾ അടച്ചു
ബസിൽ ദേവി കൃഷ്ണയ്ക്കൊപ്പം പല രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഇന്ത്യൻ പതാകയുടെ ധൈര്യത്തിലായിരുന്നു അവരുടെയും യാത്ര. മറ്റ് രാജ്യക്കാരെ അവരുടെ എംബസികൾ തിരിഞ്ഞുപോലും നോക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യ, അവരെ കൂടി ചേർത്തുപിടിച്ച് അതിർത്തി കടത്തിയത്. ആഫ്രിക്ക, കൊറിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നെത്തിയവരെ ഇന്ത്യ, തങ്ങൾക്കൊപ്പം സുരക്ഷിതരാക്കിയെന്ന് യുവാവ് പറയുന്നു. ഇന്ത്യൻ പതാക ഉയർത്തിക്കെട്ടിയ ബസുകളുടെ ധൈര്യത്തിൽ മുന്നിലും പിന്നിലുമായി ചില കാറുകളും സഞ്ചരിച്ചിരുന്നതായി യുവാവ് ഓർത്തെടുക്കുന്നു. ഉക്രേനിയക്കാരായിരുന്നു ആ കാറിൽ ഉണ്ടായിരുന്നത്. അവർക്കും സുരക്ഷിതത്വം നൽകിയത് ഈ മൂവർണ്ണ പതാക തന്നെ.
‘സത്യം പറഞ്ഞാൽ വളരെ അഭിമാനം തോന്നുന്നു. ഇത്രയും നല്ല സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല. വേറെ എവിടുന്നും കിട്ടില്ല. ഇന്ത്യൻ ദേശീയ പതാക പതിപ്പിച്ച ബസിലായിരുന്നു ഞങ്ങളെ കൊണ്ടുവന്നത്. ഓരോ ചെക്ക് പോസ്റ്റുകൾ എത്തുമ്പോഴും റഷ്യൻ സൈനീക വാഹനങ്ങൾ കാണാം. അപ്പോഴൊക്കെ, യാതൊരു പ്രശ്നവുമില്ലാതെ ബസ് മുന്നോട്ട് പോകും. ആ സാഹചര്യത്തിൽ ബസിൽ പതിപ്പിച്ച ഇന്ത്യൻ പതാകയിലേക്ക് അഭിമാനത്തോടെ നോക്കും. നമ്മുടെ ദേശീയ പതാകയുടെ സുരക്ഷിതത്വത്തിലാണ് അതിർത്തി കടക്കുന്നതെന്ന് കൂടെയുള്ള മറ്റ് രാജ്യക്കാർക്കും അറിയാമായിരുന്നു. നമ്മുടെ പതാകയുടെ ബലം ആ ദിവസങ്ങളിൽ മനസിലായി’, ദേവി കൃഷ്ണ പറയുന്നു.
‘മൂവർണ്ണ പതാക ഇല്ലാതെ ഉക്രൈനിലൂടെ യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി ഞങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഞങ്ങളുടെ സുരക്ഷയെ കരുതിയായിരുന്നു അത്. വാഹങ്ങളിലെല്ലാം പതാക ഉണ്ടായിരുന്നു. ഒരു മുൻകരുതൽ ആയിരുന്നു അത്. കീവിൽ യുദ്ധം നടക്കുമ്പോൾ, അവിടെയുള്ളവർ അതിർത്തിയിലെത്തിക്കുക എന്നത് ചെറിയ കാര്യമല്ല. എംബസി നല്ല സഹകരണം ആയിരുന്നു’, ഉക്രൈനിൽ നിന്നും ഇന്ത്യയിലെത്തിയ മറ്റൊരു വിദ്യാർത്ഥിനിയായ അഭിരാമി പറയുന്നു.
Also Read:പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം
‘ഇന്ത്യക്കാരനായിരിക്കുന്നതും ഇന്ത്യൻ പതാക കൈയ്യിൽ കരുതുന്നതും തങ്ങളുടെ സുരക്ഷയ്ക്ക് നല്ലതാണെന്ന് ഉക്രൈനിലുള്ളവർ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങളുടെ കൈയ്യിൽ ദേശീയ പതാക ഉണ്ടായിരുന്നില്ല. ഞങ്ങളിൽ പലരും മാർക്കറ്റിലേക്ക് ഓടി, കുറച്ച് പെയിന്റ് സ്പ്രേയും കബോർഡും സ്ക്രീനും വാങ്ങി. സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഞങ്ങൾ മൂവർണ്ണ പതാകയുണ്ടാക്കി. ടർക്കിഷ്, പാകിസ്ഥാൻ വിദ്യാർത്ഥികളും ഇന്ത്യൻ പതാക ഉപയോഗിച്ചു. ഇന്ത്യൻ പതാക പാകിസ്ഥാനി, തുർക്കി വിദ്യാർത്ഥികളെ വളരെയധികം സഹായിച്ചു’, തെക്കൻ ഉക്രൈനിലെ ഒഡെസയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥി വിശദീകരിച്ചു.
യുദ്ധത്തിൽ തകർന്ന രാജ്യത്തെ വിവിധ ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി മറികടക്കാൻ, ഇന്ത്യൻ ദേശീയ പതാകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപയോഗിച്ചത്. ഉക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയിരുന്നു. ഇതോടെയാണ് പാക് വിദ്യാർത്ഥികളും തങ്ങളുടെ രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉയർത്തി പിടിച്ചത്.
അതേസമയം, ഉക്രൈനിലെ ഇന്ത്യൻ മിഷൻ ‘ഓപ്പറേഷൻ ഗംഗ’ വിജയകരമായി അവസാനിച്ചപ്പോൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഇന്ത്യ. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ബംഗ്ളാദേശും നേപ്പാളും ഇന്ത്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിൽ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രക്ഷിച്ച് നാട്ടിലെത്തിച്ച ഇന്ത്യൻ സർക്കാരിനും നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുകയാണ് എന്നായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയത്.
‘നാല് നേപ്പാളി പൗരന്മാരെ ഇന്ത്യ നാട്ടിലെത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി. ഓപ്പറേഷന്‍ ഗംഗയിലൂടെ നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് നരേന്ദ്ര മോദിയോടും ഇന്ത്യന്‍ സര്‍ക്കാറിനോടും നന്ദി പറയുന്നു’, നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ വാക്കുകളാണിത്.
ആശങ്കയോടെ ഉക്രൈനിലെ പല നഗരങ്ങളിലും തങ്ങിയ 20000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി അക്ഷീണം പരിശ്രമിച്ച ഉദ്യോഗസ്ഥരെയും അറിയപ്പെടാതെ പോയ നിരവധി ഹീറോസിനെയും വിസ്മരിക്കാനാകില്ല. അവരില്ലായിരുന്നുവെങ്കിൽ, ഈ ഓപ്പറേഷൻ വിജയകരമാകുമായിരുന്നില്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്, ‘സ്വയം രക്ഷാമാർഗം കണ്ടെത്തിക്കോളൂ’ എന്ന് പറഞ്ഞ്, ‘ഉൾവലിഞ്ഞ’വരാണ് അമേരിക്കയും പാകിസ്ഥാനുമൊക്കെ. എന്നാൽ, അവിടെയാണ് ഇന്ത്യ വ്യത്യസ്തത പുലർത്തിയത്. തുടക്കം മുതൽ, ഉക്രൈനിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങൾ സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രക്ഷാദൗത്യം ഓരോ ദിനവും ഊർജിതമാക്കുകയാണ് ചെയ്തത്.
Post Your Comments