കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ സാധാരണക്കാർക്ക് പരിശീലനം നൽകി ഉക്രൈൻ. യുദ്ധം ചെയ്യുന്നതിനായി, സൈനിക നിലവാരമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ സാധാരണക്കാരെ പരിശീലിപ്പിക്കുകയാണ് ഉക്രൈനെന്ന് റിപ്പോർട്ട്. ഒരു കാലത്ത് ആവേശഭരിതരായ നാടക പ്രേമികളാലും സിനിമാ പ്രേമികളാലും നിറഞ്ഞിരുന്ന, ഒരു ഓഡിറ്റോറിയത്തിലാണ് പരിശീലനം നടക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഈ ഓഡിറ്റോറിയത്തിൽ, നിരവധി ജനങ്ങളാണ് പരിശീലനത്തിനായി ഒഴുകിയെത്തുന്നത്.
യൂണിഫോം ധരിച്ച ഒരു സൈനികൻ, തോക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും വെടിയുതിർക്കേണ്ടതെങ്ങനെയെന്നും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘ നിങ്ങൾക്ക് അധികം സമയമില്ല. നിങ്ങൾക്ക് മൂന്ന് മാസമൊന്നുമില്ല. മൂന്ന് ദിവസത്തെ സമയം തരുന്നു. തോക്ക് എങ്ങനെ പിടിക്കാമെന്നും റഷ്യക്കാരെ വെടിവയ്ക്കാൻ അത് എങ്ങനെ ഉപയോഗിക്കാമെന്നും ഈ സമയം കൊണ്ട് നിങ്ങൾ പഠിക്കണം’, പരിശീലനത്തിനെത്തിയവരോട് സൈനികൻ പറയുന്നു. ഈ ഓഡിറ്റോറിയം ഇപ്പോൾ ഒരു താൽക്കാലിക സൈനിക ഓഫീസായി മാറ്റിയിരിക്കുകയാണ്.
അതേസമയം, റഷ്യൻ അധിനിവേശം രൂക്ഷമാകുന്ന ഈ 17 ആം ദിവസവും ശക്തമായ പ്രതിരോധമാണ് ഉക്രൈൻ നടത്തുന്നത്. നേരത്തെ, റഷ്യൻ അധിനിവേശത്തിനെതിരെ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ ആയുധങ്ങളും ഏന്തി സാധാരണക്കാർ നിലയുറപ്പിച്ചിരുന്നു. മരിയുപോളിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള പ്രദേശങ്ങൾ റഷ്യയിൽ നിന്നും തിരിച്ചുപിടിച്ചതായി ഉക്രൈൻ അറിയിച്ചു.
Post Your Comments