കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ, ഇതുവരെ അഫ്‌ഗാനിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ട്
ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. താലിബാൻ പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ നടന്ന വിവിധ ആക്രമണങ്ങളിലായി 400 ഓളം സാധാരണക്കാർ ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റിൽ യു.എസ് പിന്തുണയുള്ള മുൻ ഗവൺമെന്റിൽ നിന്ന്, അഫ്‌ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യത്തെ റിപ്പോർട്ടാണിത്.
സ്ത്രീകൾ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ അവകാശങ്ങളുടെ ലംഘനത്തെ കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2021 ഓഗസ്റ്റ് മുതൽ ഫെബ്രുവരി അവസാനം വരെയുള്ള കണക്കാണിത്. ഖൊറാസാൻ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണ പരമ്പരയിൽ 397 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. സായുധ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 50-ലധികം പേർ ഇതേ കാലയളവിൽ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ചിലരെ ദാരുണമായി പീഡിപ്പിക്കുകയും മറ്റ് ചിലരെ, തലയറുത്ത് റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
Also Read:അമേരിക്കൻ ഉപരോധം: പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഇന്ത്യൻ നിക്ഷേപം അഭ്യർത്ഥിച്ച് റഷ്യ
അഫ്‌ഗാനിസ്ഥാലെ സാധാരണ ജനങ്ങളുടെ മനുഷ്യാവകാശ സാഹചര്യം അഗാധമായ ഗർത്തത്തിലാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാഷെലെറ്റ് അറിയിച്ചു. തിങ്കളാഴ്ച ജനീവയിലെ ഉന്നത അവകാശ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മിഷേൽ. ഹസാര വംശീയ വിഭാഗത്തിൽപ്പെട്ട ഷിയ മുസ്ലീങ്ങൾക്കെതിരെ നിരവധി ആത്മഹത്യകളും ആത്മഹത്യേതര ആക്രമണങ്ങളും ഐ.എസ് നടത്തിയിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി.
2014-ന്റെ അവസാനത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ISKP എന്ന ഭീകര സംഘടന, താലിബാന്റെ വരവിന് പിന്നാലെ പ്രദേശത്ത് വ്യാപിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ ഓഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണമുൾപ്പെടെ, സമീപ മാസങ്ങളിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിറകിൽ ഇവരാണെന്ന ആരോപണം ഉയർന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്. നിരവധി ആക്ടിവിസ്റ്റുകളെയും പ്രതിഷേധക്കാരെയും സമീപ കാലങ്ങളിലായി കാണാതായിട്ടുണ്ടെന്നും ഇവരുടെ തിരോധാനങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും വ്യക്തമാക്കിയ മിഷേൽ, സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
Also Read:മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം: ജീവനക്കാര്‍ പിടിയില്‍
അതേസമയം, 1996 മുതൽ 2001 വരെയുള്ള കാലയളവിൽ, അഫ്ഗാൻ ഭരിച്ചിരുന്നത് താലിബാൻ ആയിരുന്നു. ഈ സമയം, സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്ന് തടഞ്ഞ താലിബാൻ, 2021 ൽ ആ നയം മാറ്റി. എന്നിരുന്നാലും നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, താലിബാനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അഫ്ഗാനിസ്ഥാനിൽ ഒരു പ്രത്യേക റിപ്പോർട്ടറെ നിയമിക്കാൻ ഒരുങ്ങുകയാണ്, ജനീവ ആസ്ഥാനമായുള്ള റൈറ്റ്‌സ് കൗൺസിൽ.
മാത്രമല്ല, അഫ്ഗാൻ ജനതയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളെ തടസ്സപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് യു.എന്നിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ പകുതിയിലധികവും ഇപ്പോൾ കടുത്ത പട്ടിണി അനുഭവിക്കുകയാണ്. ബാലവേല, ശൈശവ വിവാഹം, കുട്ടികളെ വിൽക്കൽ തുടങ്ങിയ പ്രവൃത്തികളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏകദേശം ഒമ്പത് ദശലക്ഷം അഫ്ഗാനികൾ പട്ടിണിയുടെ വക്കത്താണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുകയും അഫ്ഗാനിസ്ഥാന്റെ ആസ്തികൾ യു.എസ് മരവിപ്പിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാവുകയായിരുന്നു. ഇതാണ്, രാജ്യത്തെ ദാരിദ്ര്യ ഭീഷണിക്ക് പിന്നിലെ കാരണം.
Post Your Comments