കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ കഴിയാത്ത കോൺഗ്രസിനോട് തൃണമൂലിനൊപ്പം ചേരാൻ ക്ഷണിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരാൾ മമതാ ബാനർജിയാണെന്നും, തങ്ങളുടെ ദീദിയോടൊപ്പം കെെകോർത്ത് മുന്നോട്ട് പോവുന്നതാണ് കോൺഗ്രസിന് നല്ലതെന്നും തൃണമൂൽ കോൺഗ്രസ് പറയുന്നു.
കോൺഗ്രസ് പോലൊരു പഴയ പാർട്ടി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ടിഎംസി നേതാവും പശ്ചിമ ബംഗാൾ ഗതാഗത മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. ഞങ്ങളും ഈ പാർട്ടിയുടെ ഭാഗമായിരുന്നു. ഇതാണ് ശരിയായ സമയം. കോൺഗ്രസ് തൃണമൂലിലേക്ക് ലയിക്കണം. അങ്ങനെയെങ്കിൽ ദേശീയതലത്തിൽ മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും തത്വങ്ങളിലൂടെ ഗോഡ്സെയുടെ തത്ത്വങ്ങൾക്കെതിരെ പോരാടാമെന്നും ഹക്കീം വ്യക്തമാക്കി.
അതേസമയം, തൃൺമൂലിന്റെ വാദത്തെ എതിർത്ത് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. ടിഎംസി ബിജെപിയുടെ ഏറ്റവും വലിയ ഏജന്റാണ്. ബിജെപിക്കെതിരെ പോരാടാൻ അവർക്ക് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിൽ ലയിക്കുന്നതാണ് നല്ലതെന്നും അധീർ രഞ്ജൻ പറഞ്ഞു.
Post Your Comments