തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം, ഒരു ലക്ഷത്തി ആറായിരം വീടുകൾ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ നിയമസഭയില്‍ അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ലൈഫ് പദ്ധതി വഴി, ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കുമെന്നും അതിൽ, 2909 ഫ്ലാറ്റുകളും ഈ വർഷം തന്നെ വെച്ച് നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Also Read:തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കാൻ കരിക്കിൻ വെള്ളം!
അതേസമയം, അധികാരത്തിലെത്തിയ ശേഷം നിര്‍മ്മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു ഫ്ലാറ്റ് പോലും കൈമാറിയില്ലെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അടിമാലിയിൽ നിര്‍മാണം തുടങ്ങിയതില്‍ ചിലത് മാത്രമാണ് ഇതുവരെ കൈമാറിയത്. 2017ൽ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനം നടത്തിയ പുനലൂരിലെ ഫ്ലാറ്റിന്‍റെ നിര്‍മാണം പോലും പാതിവഴിയിലാണ്. മുഖ്യൻ ഉത്‌ഘാടനം ചെയ്ത് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷമാണ് പുനലൂരില്‍ നിര്‍മ്മാണം തുടങ്ങിയത് തന്നെ. പുനലൂർ കൂടാതെ, സംസ്ഥാനത്ത് നിര്‍മാണം തുടങ്ങിയ 36 ഫ്ലാറ്റുകളില്‍ ഒരെണ്ണം പോലും പൂര്‍ത്തീകരിച്ച് നല്‍കാനായില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് സ്വസ്ഥമായി കിടന്നുറങ്ങാനാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രകാരം ഭവന സമുച്ഛയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം, ലൈഫ് മിഷൻ വഴി 71,800 കുടുംബത്തിന് വീടൊരുക്കാൻ 1500 കോടി രൂപയുടെ വായ്പ ഹഡ്‌കോ അടുത്തിടെ അനുവദിച്ചിരുന്നു. ഇതിൽനിന്ന് ഗ്രാമീണമേഖലയിൽ 69,217 വീടിന് 1448.34 കോടിയും നഗരപ്രദേശത്തെ 2583 വീടിന് 51.66 കോടി രൂപയും ലൈഫ് മിഷൻ വിനിയോഗിക്കും എന്നായിരുന്നു റിപ്പോർട്ട്.
Post Your Comments