ഡൽഹി: രാജവംശ രാഷ്ട്രീയം തള്ളിക്കളയണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന വോട്ടർമാർ മാനിച്ചുവെന്ന് ബി.ജെ.പി. രാജവംശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിക്ക പാർട്ടികളെയും ജനം തള്ളിക്കളഞ്ഞു. ഈ തിരഞ്ഞെടുപ്പ് വിധിയിൽ നിന്നെങ്കിലും മറ്റ് രാഷ്ട്രീയ പാർട്ടികൾ പാഠം പഠിക്കണമെന്ന് ബി.ജെ.പി രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധെ ട്വീറ്റ് ചെയ്തു.
ചിലർ ഒരിക്കലും നന്നാകില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പ്രതികരിച്ചു. ‘4 സംസ്ഥാനങ്ങളിൽ ബി.ജെ.പി തരംഗം സൃഷ്ടിച്ചു. എന്നാൽ, ചില ഇടങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ തകരുകയാണ്. പഞ്ചാബിൽ എ.എ.പി വിജയിക്കുന്നതോടെ, ബദൽ ഭരണത്തിന്റെ വാഗ്ദാനവും, പുതിയ പ്രതീക്ഷയും ഉയരുകയാണെന്ന് ചിലർ കരുതുന്നു’ സന്തോഷ് ട്വിറ്ററിൽ കുറിച്ചു.
‘ജാതി ഭരണം തോറ്റു, ദേശീയത വിജയിച്ചു’ പ്രതിപക്ഷത്തിൻ്റെ ജാതി രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്വാൾ ട്വീറ്റ് പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയിലുടനീളം ഇരട്ട എഞ്ചിൻ സർക്കാരുകൾ വിജയിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പറഞ്ഞു. ‘പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയത്തെക്കാൾ വോട്ടർമാർക്ക് വിശ്വാസം ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തെയാണെന്ന്, ഇന്നത്തെ വോട്ടെണ്ണലിലൂടെ വ്യക്തമായി’ രവി കൂട്ടിച്ചേർത്തു.
Post Your Comments