കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിൻ്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) ആണ് എം.ഡി.എം.എ കൈവശം വെച്ച് വില്പന നടത്തിയതിന് എക്സൈസിൻ്റെ പിടിയിലായത്.
ഒരു ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ സമർത്ഥമായി പിടികൂടിയത്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നതിനിടെ ഇയാള്‍ അതിവിദഗ്ധമായാണ് സമപ്രായക്കാരായ യുവാക്കളെയും, യുവതികളെയും മയക്കുമരുന്നിന്റെ കെണിയിലാക്കിയിരുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിക്കുമ്പോൾ, അവ എത്തിക്കേണ്ട സ്ഥലം മനസ്സിലായില്ലെന്ന് പറഞ്ഞ്, പ്രതി വാട്സാപ്പിലേക്ക് ലൊക്കേഷൻ ഷെയര്‍ ചെയ്യാൻ ആവശ്യപ്പെട്ട്, തന്ത്രത്തിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ നമ്പറുകൾ ശേഖരിക്കും. പിന്നീട്, പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പഠിക്കാൻ കൂടുതല്‍ ഏകാഗ്രത ലഭിക്കുമെന്നും, ബുദ്ധി വികാസം വർദ്ധിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പഠനത്തിൽ മിടുക്കരല്ലാത്ത വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തിയത്.
Post Your Comments