ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയിലാണ് രാജ്യം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് നാളെ പ്രഖ്യാപിക്കുക. അഞ്ച് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഉള്ളത്. യുപിയിലെ ഫലമാണ് രാജ്യഭരണത്തിന്റെ കാതൽ. യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരുന്നു. ഗോവയിലും പഞ്ചാബിലും നടന്നത് ശക്തമായ പോരാട്ടമാണ്.
ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പൂരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില പോളുകൾ ഉത്തരാഖണ്ഡിൽ ബിജെപിക്കു നേരിയ മുൻതൂക്കം പ്രവചിക്കുന്നു. അതേസമയം, നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഗോവയില്‍ നിന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി ചെറുപാര്‍ട്ടികളെ സമീപിച്ചു. ബിജെപിക്ക് വേണ്ടി കേന്ദ്ര നേതൃത്വമാണ് ചരടുവലിക്കുന്നത്.
ഗോവയിലെ പഴയ കാല പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്ര ഗോമന്‍തക് പാര്‍ട്ടി (എംജിപി) യുമായി സഖ്യം ചേരാന്‍ ബിജെപി ശ്രമം തുടങ്ങി. എംജിപിയുമായി ചര്‍ച്ച തുടങ്ങി എന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ത് പ്രതികരിച്ചു. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം. പഞ്ചാബില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആകെ നിരാശയിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വന്‍ തോല്‍വിയാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ചേര്‍ന്ന് സ്വയം കുഴി തോണ്ടിയതാണെന്നാണ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത്. അതേസമയം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ഉത്തര്‍ പ്രദേശ് അടക്കം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.
Post Your Comments