
തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിനു സമീപത്തെ വീടിനു തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം, വിശദമായി അന്വേഷിക്കാന്‍ പൊലീസ്. ആദ്യം വീട്ടുമുറ്റത്തെ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന് അയല്‍വാസികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പുലര്‍ച്ചെ ഒന്നരയ്ക്കു ശേഷം, ബൈക്ക് കത്തുന്നത് കണ്ടപ്പോള്‍ അയല്‍വാസികള്‍ നിഹുലിനെ ഫോണില്‍ വിളിക്കുകയായിരുന്നു.
‘ഫോണ്‍ എടുത്ത നിഹുല്‍, എവിടെയാണ് തീ കത്തുന്നതെന്ന് ചോദിച്ചു. വീടിന്റെ മുന്നിലാണെന്നു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടു ചെയ്തു. പിന്നീട്, രണ്ടു മിനിട്ടിനു ശേഷം വീണ്ടും വിളിച്ചു. അപ്പോള്‍ നിഹുല്‍ ഫോണ്‍ എടുത്തില്ല. നാട്ടുകാരും പൊലീസും എത്തി തീ അണയ്ക്കാന്‍ തുടങ്ങുന്നതിനിടെ പിന്‍വശത്തെ വാതിലിലൂടെയാണ് നിഹുല്‍ പുറത്തെത്തിയത്. അവശനിലയിലായിരുന്ന നിഹുലിനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി’, അയല്‍വാസി നല്‍കിയ മൊഴിയില്‍ പറയുന്നു.
വീട്ടില്‍ അടുത്ത ദിവസങ്ങളിലായി അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്ന് വീട്ടുജോലിക്കാരി മിനി മാധ്യമങ്ങളോട് പറഞ്ഞു. ‘വീട്ടിലെ മുറികള്‍ക്കെല്ലാം ശക്തിയുള്ള പൂട്ടുകളാണ്. എല്ലാ മുറികളിലും എസി ഉണ്ട്. എസി ഓണ്‍ചെയ്താല്‍ പുറത്തെ ശബ്ദം ഒന്നും കേള്‍ക്കില്ല. പലപ്പോഴും മുറി തുറക്കാന്‍ ഫോണ്‍ വിളിച്ചാണ് പറയുന്നത്’ മിനി പറഞ്ഞു.
ഷോട്ട് സര്‍ക്യൂട്ടാണോ അപകടകാരണം എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. ശരീരത്തില്‍ കാര്യമായ പൊള്ളലില്ല. വീടിന്റെ ഹാളിലെ കര്‍ട്ടനുകളും സോഫയും ടിവിയുമെല്ലാം പൂര്‍ണമായി കത്തിയതായും അദ്ദേഹം പറഞ്ഞു.
ഫൊറന്‍സിക് സംഘവും ഫയര്‍ഫോഴ്‌സും ഇലക്ട്രിക്കല്‍ ഇന്‍സ്പകട്രേറ്റും പരിശോധന നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ കഴിയൂ എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് പുലര്‍ച്ചെ തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments