കൊച്ചി: കർണാടകയിലെ ഹിജാബ് നിരോധനത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹിജാബിന്റെ പേരും പറഞ്ഞ് കുട്ടികളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് ശൈലജ വ്യക്തമാക്കി. ഹിജാബിന്റെ മറവിൽ നിഖാബ് പോലെയുള്ള രീതികൾ സ്‌കൂളിൽ വേണമെന്ന് കുട്ടികൾ വാശി പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
‘വാശി പിടിച്ച് മുഖമാകെ മറച്ച് ക്ലാസിൽ ഇരിക്കണമെന്ന് കുട്ടികൾ പറയുന്നത് അങ്ങേയറ്റം ശരിയല്ല. ശിരോവസ്ത്രം ധരിക്കുക എന്നത് ചില കമ്മ്യൂണിറ്റികളിൽ ഒരു രീതിയാണ്. അതും, മുഖമാകെ മറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതും രണ്ടും രണ്ടാണ്. മുസ്ലിം പെൺകുട്ടികൾ എന്തു ഭംഗിയായിട്ടാണ് തട്ടമിട്ടു കൊണ്ട് ക്ലാസ്സിൽ വരുന്നത്. അത്ര മതിയല്ലോ. മറിച്ച് മുഖം പൂർണമായി മറച്ച് വരണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല’, കെ കെ ശൈലജ പറഞ്ഞു.
മുഖം മുഴുവൻ മറച്ച് ഇരിക്കുമ്പോൾ, അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിനായുള്ള സിമ്പൽ ആയി മാറുമ്പോൾ സ്‌കൂളിൽ നിന്നും അവരെ, നീക്കം ചെയ്യണം എന്നൊക്കെയുള്ള അവസ്ഥ വരുമ്പോൾ, അവരുടെ ആവശ്യത്തിന് കൂട്ട് നിൽക്കാൻ സാധിക്കില്ല എന്ന് കെ കെ ശൈലജ പറയുന്നു. ഒരു സ്‌കൂൾ യൂണിഫോം എന്ന നിലയിൽ ആകുമ്പോൾ അത് അവരാണ് മനസിലാക്കേണ്ടതെന്നും മുൻ മന്ത്രി പറഞ്ഞു. നിർബന്ധമായും മുഖം മുഴുവൻ മൂടണം എന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി.
‘തല മറയ്ക്കണം എന്നേ ഇസ്‌ലാമിൽ പറഞ്ഞിട്ടുള്ളു. അത് പരസ്പരം എല്ലാവരും മനസിലാക്കുക. തലയിൽ തട്ടമിടാൻ പാടില്ല എന്ന് പറയുന്നവരെ നമ്മൾ ഒഴിവാക്കണം. അങ്ങനെ പറയുന്നത് അംഗീകരിക്കാനാകില്ല. എന്നാൽ, നമ്മുടെ നാട്ടിൽ ഇതുവരെ ഇല്ലാത്ത രീതിയിലുള്ള കാര്യങ്ങൾ വേണമെന്ന് വാശി പിടിച്ചാൽ അത് അംഗീകരിക്കാനാകില്ല. കരുതിക്കൂട്ടി നടത്തുന്ന കുത്തിത്തിരുപ്പുകളും തിരിച്ചറിയണം’, കെ കെ ശൈലജ ചൂണ്ടിക്കാട്ടി.
Post Your Comments