കോഴിക്കോട്: പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ അപവാദ പ്രചരണം താങ്ങാനാകാതെയെന്ന് ദിശ പ്രവർത്തകൻ ദിനു വെയിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം വ്യക്തമാക്കുന്നത്. നിലവിൽ മഞ്ചേരി സ്‌റ്റേഷൻ സി.ഐയായ അലവി.സി എന്ന പൊലീസുദ്യോഗസ്ഥൻ വളരെ മോശമായാണ് പെൺകുട്ടിയോടും അമ്മയോടും പെരുമാറിയതെന്ന് ദിനു ചൂണ്ടിക്കാട്ടുന്നു.
ദിനു വെയിലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എനിയ്ക്ക് ഇതെഴുതുമ്പോൾ പോലും വല്ലാണ്ട് നീറുന്നുണ്ട്. പോക്സോ വിക്റ്റിമായിരുന്ന, കയറിൽ തൂങ്ങി ജീവനൊടുക്കിയ സ്വന്തം മകളെ കൊണ്ടുപോകാൻ ഒരു വണ്ടി പോലും കിട്ടാതെ, ഒരു ബൈക്കിൽ അവളുടെ തൂങ്ങിയ ശരീരത്തെ രണ്ട് പേർക്കിടയിൽ വെച്ച്, ആശുപത്രിയിലേയ്ക്ക് ഓടേണ്ടി വന്ന ഒരുമ്മയുടെ കണ്ണീരിന് നീതിയില്ലെങ്കിൽ നമ്മൾ എന്ത് നീതിയേയും ന്യായത്തേയും കുറിച്ചാണ് ഈ നാട്ടിൽ സംസാരിക്കുന്നത്? ‘എന്റെ കുഞ്ഞ് മരിച്ചിട്ട് പോലും നാട്ടുക്കാർ ഓളെ കുറിച്ച് അനാവശ്യം പറയുകയാണല്ലോ, മയ്യത്തായിട്ടും എന്റെ കുട്ടിയ്ക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റൂലാലോ’ എന്നാണ് ആ ഉമ്മച്ചി കഴിഞ്ഞ ദിവസം കൂടി ഞങ്ങളോട് കരഞ്ഞ് പറഞ്ഞത് .
ഈ അവസ്ഥയിൽ ആ പെൺകുഞ്ഞ് നരകിച്ച് മരിച്ചതിൽ , ഇപ്പോഴും ആ കുടുംബം ഒറ്റപ്പെടുന്നതിൽ സി ഐ അലവി എന്ന പോലീസ് ഉദ്യോസ്ഥനും കൂടി കൃത്യമായ പങ്കുണ്ട്.
‘നീയും നിന്റെ ഉമ്മയും വേശ്യകളാണ്’
‘നിന്നെ നിന്റെ ഉമ്മയുടെ പൂ….ലേയ്ക്ക് കയറ്റി തിരിച്ച് അയക്കാൻ എനിക്കറിയാം’
‘ഒരാളാണ് പീഡിപ്പിച്ചതെങ്കിൽ പോട്ടേന്ന് കരുതാം, ഇതിപ്പോ എത്ര പേരാ പീഡിപ്പിച്ചത്. അതൊക്കെ നീ നിന്നു കൊടുത്തിട്ടാണ്.’
‘നിന്നെയൊക്കെ എയറോപ്ലയിൻ വിളിച്ച് ആനയിക്കേണ്ടി വരും’
‘നീ എല്ലാവർക്കും നിന്നു കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു’
സ്വന്തം ബന്ധുകളിൽ നിന്ന് പോലും ലൈംഗിക അതിക്രമം നേരിട്ട ഒരു പെൺകുട്ടിയോട് അന്നത്തെ ഫറോക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറായ അലവി സി പറഞ്ഞതാണിതെല്ലാം. അതിക്രൂരമായ് ആക്രമിക്കപ്പെട്ട പെൺകുട്ടിയെ അതിലും ക്രൂരമായ് അധിക്ഷേപിക്കുക, മാനസികമായ് പീഡിപ്പിക്കുക , എന്നിട്ട് സുഖമായി അദ്ദേഹം ഇപ്പോഴും മഞ്ചേരി പോലീസ് സ്റ്റേഷനിൽ ജോലിയിൽ തുടരുകയാണ്.
മഹസ്സർ തയ്യാറാക്കാനായ് ആക്രമിക്കപ്പെട്ട ഇടങ്ങളിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ കൊണ്ടുപോകുമ്പോൾ യൂണിഫോമിൽ വരിക, അവൾക്ക് നേരെ ഉറക്കെ അലറുക, വേശ്യയെന്ന് വിളിക്കുക, അവളും ഉമ്മയും ഇതു കേട്ട് കരയുമ്പോൾ ‘കള്ള കണ്ണീര് ചിലവാവൂല്ല’ എന്ന് പറഞ്ഞ് അപമാനിക്കുക, അയൽ വീടുകളിൽ പോയി ഉമ്മയും മോളും പിഴച്ചവരാണെന്ന് പറഞ്ഞു പരത്തുക, പള്ളി കമ്മറ്റിയിൽ നിന്ന് പോലും നിന്നെ പുറത്താക്കാൻ തനിയ്ക്ക് കഴിയുമെന്ന് ആക്രോശിക്കുക. ‘ഉമ്മച്ചിയെ ജയിൽ കേറ്റുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി’ എന്ന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അനിയൻ ഓർത്ത് പറയുന്നു.
ആ സ്റ്റേഷനിലെ മറ്റനേകം ഉദ്യോഗസ്ഥരും, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വളരെ മാന്യമായാണ് കുട്ടിയോടും കുടുംബത്തോടും ഒപ്പം നിന്നത്. എന്നാൽ നാട് മുഴുവൻ ഉമ്മയേയും കുട്ടിയേയും വെറുത്തത് അവരെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനായ അലവി സിയുടെ നാവിനാൽ തന്നെയാണ്
ഏപ്രിൽ 2021 ൽ ഈ പെൺകുട്ടി ആദ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പിൽ നാട്ടിൽ സി ഐ കാരണം ഇറങ്ങി നടക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വേശ്യ എന്ന് വിളിച്ചതു കൊണ്ടാണ് മരിക്കാൻ ശ്രമിക്കുന്നതെന്ന് എഴുതി വെച്ചിരുന്നു.
രണ്ട് ദിവസത്തിന് ശേഷം അന്ന് കൃത്യമായി പ്രസ്തുത ഉദ്ദ്യോഗസ്ഥനെതിരെ പെൺകുട്ടി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അയാൾ നടത്തിയ അനീതി സംരക്ഷിക്കപ്പെട്ടു.
ഇപ്പോൾ പെൺകുട്ടി ആത്മഹത്യ ചെയ്ത് മരണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൃത്യമായ കാരണം അന്വേഷണത്തിൽ തെളിയേണ്ടതാണ്. എങ്കിലും അവളെ മാനസികമായ് ആദ്യ ഘട്ടത്തിൽ ദ്രോഹിച്ച ഉദ്യോഗസ്ഥൻ നിലവിൽ യാതൊരു നടപടിയുമില്ലാതെ സർവ്വീസിൽ സസുഖം വാഴുകയാണ്
കഴിഞ്ഞ ഒരു മാസത്തോളമായ് ഞങ്ങൾ ഉമ്മയോട് സംസാരിക്കുന്നു.
വിവരങ്ങൾ ശേഖരിയ്ക്കുന്നു.20-2-2022.ന് ഉമ്മയ്ക്കൊപ്പം ഞാനടക്കമുള്ള ദിശ പ്രവർത്തകർ ഫറൂക്ക് പോലീസ് സ്റ്റേഷനിൽ എത്തി പ്രസ്തുത പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിട്ട് പതിനൊന്ന് ദിവസമാകുന്നു , ഉന്നത അധികാരികൾക്ക് കൈമാറിയ പരാതിയിൽ ഇന്നേ വരെ കേസെടുത്തിട്ടില്ല, ഇത്ര കാലമായിട്ടും യാതൊരു വകുപ്പ് തല നടപടിയുമുണ്ടായിട്ടില്ല.
സാറുമാരേ,
നമ്മൾ ആരെയാണ്, എന്തിന് വേണ്ടിയാണ് അനീതി നടത്തിയ ഒരു ഉദ്ദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്.
ജീവനറ്റ് , മണ്ണടിഞ്ഞ ഒരു കുഞ്ഞിനോട് നമ്മൾക്ക് ചെയ്യാനായ് എന്തെങ്കിലും ഉത്തരവാദിത്തം ബാക്കിയുണ്ടെങ്കിൽ അവൾ ജീവിച്ചിരിക്കുമ്പോൾ ചൂണ്ടികാണിച്ച ആ ഉദ്ദ്യേഗസ്ഥനെതിരെ അടിയന്തര നടപടിയുണ്ടാവണം.
ആ ഉമ്മച്ചി, കുഞ്ഞ് മരിച്ച വേദനയിലും ഇത്രയും തുറന്നു പറഞ്ഞത് ആ പ്രതീക്ഷയിലാണ്. ഇനി ഒരു കുഞ്ഞിനും ഇത്ര അവഗണന അനുഭവിക്കേണ്ടി വരരുതെന്ന് അവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, ഡിജിപ്പിയോട് എഴുതി അഭ്യർത്ഥിച്ചിട്ട് ഇന്നേയ്ക്ക് രണ്ടാഴ്ച്ച കഴിയുന്നു.
പോക്സോ കേസുകളിലെ സകല നിയമ വ്യവസ്ഥകളും ലംഘിച്ച ഒരു ഉദ്യോഗസ്ഥനെതിരെ ഇന്നുവരെ നടപടിയില്ല. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. സർക്കാർ ഗൗരവപൂർവ്വം ഇടപ്പെടണം. മരിച്ച മനുഷ്യർക്ക്, അവരുടെ കുടുംബങ്ങൾക്ക് ബലിയല്ല, അനുശോചനമല്ല ,നീതിയാണ് ഭരണകൂടം നൽക്കേണ്ടത്….
Post Your Comments