വൈക്കം: കീവിൽ റഷ്യൻ സേനയുടെ ആക്രമണം ആറാം ദിവസത്തിലേക്ക് കടന്ന ഈ അവസരത്തിലും ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് നീങ്ങുകയാണ്. നിരവധി പേരെയാണ് ഇതിനോടകം, ‘ഓപ്പറേഷൻ ഗംഗയിലൂടെ’ ഇന്ത്യ നാട്ടിലെത്തിച്ചത്. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സൗജന്യമായാണ് കേന്ദ്രസർക്കാർ നാട്ടിലെത്തിക്കുന്നത്. ഇത്തരത്തിൽ ഇവരെ സൗജന്യമായി നീട്ടിലെത്തിക്കുന്നതിനെതിരെ വൈക്കം ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. നമ്മുടെ പൗരന്മാർ ആണെങ്കിലും എന്തിനാണ് ഇവരെ സൗജന്യമായി നാട്ടിലെത്തിക്കുന്നത് എന്ന് ഇദ്ദേഹം ചോദിക്കുന്നു. അർഹത ഇല്ലാത്തവർക്ക് കൊടുക്കുന്ന ഈ സൗജന്യം അടിയന്തിരമായി നിർത്തലാക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.
വൈക്കം ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
പറയാതെ വയ്യ !!
————–
എന്നോടുന്നും തോന്നരുത്. എനിക്കിത് പറയാതെ വയ്യ. ഒരു യൂറോപ്പ്യൻ രാജ്യത്ത് ഉപജീവനം നടത്താൻ പോകുന്നവർ ആരും തന്നെ സാധാരണക്കാർ അല്ല. കൂടുതലും വിദഗ്ധരും, ഇന്ത്യയിൽ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് ഉയർന്ന വരുമാനവും, സാമ്പത്തിക നേട്ടത്തിനും പോകുന്നവർ ആണ്. ഇവരിലെ പലരും പറ്റിയാൽ ആ രാജ്യത്തിൻറെ പൗരത്വം ഒക്കെ സ്വീകരിച്ചു അവിടെ പിൽക്കാലം കഴിയുന്നവരും ആണ്. ഇവരാരും അഞ്ചു പൈസ ഇന്ത്യൻ സർക്കാരിന് ടാക്സ് കൊടുക്കാത്തവർ ആണ്. ഇന്ത്യയുടെ വിദേശ നാണ്യ റെമിറ്റൻസിൽ ബഹുഭൂരിഭാഗം ബ്ലൂ (തൊഴിലാളി ക്ലാസ്സ്) കോളർ ജോലിയിൽ ഉള്ള സാധാരണക്കാരായ മനുഷ്യരുടെ പണം ആണ്. ഗൾഫിലും മറ്റും നക്കാപിച്ചയ്ക്ക് “ബംഗാളികളേക്കാൾ” കഷ്ട്ടം ജോലി ചെയ്യുന്ന, കുടുംബം നാട്ടിലുള്ള മനുഷ്യരുടെ ആണ്.
ഒരു സാധാരണക്കാരന്റെ കുട്ടികൾക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ പഠനത്തിന് പോകാൻ സാധിക്കുകയില്ല. ലക്ഷക്കണക്കിന് രൂപ ഫീസ് യൂറോയിലും, ഡോളറിലും കൊടുക്കുകയും, മാസാമാസം ഉള്ള ഭാരിച്ച ചിലവും യൂറോയിലും, ഡോളറിലും കൊടുക്കാൻ കെൽപ്പുള്ളവർ ആണ് അവിടെ പഠിക്കാൻ പോകുന്നവർ. വിദ്യാർത്ഥികൾ എന്ന ലേബലിൽ അവിടെ പഠനത്തിന് പോയ ഈ കുട്ടികളിൽ ബഹുഭൂരിഭാഗവും കഷ്ട്ടപെട്ടു പഠിക്കാൻ തയ്യാറാവാതെ, പഠിച്ചിട്ടും റാങ്കിൽ കയറിപ്പറ്റാൻ കഴിയാതെ മറ്റു കോഴ്സുകളിൽ പോയ സാധാരണക്കാരായ മനുഷ്യരുടെ മക്കളെ പിന്തള്ളി അപ്പന്റെയും, അമ്മയുടെയും പണത്തിന്റെ ബലത്തിൽ മെഡിക്കൽ കോഴ്സ് അഡ്മിഷൻ നേടി പോയവരല്ലേ ?? അടിയന്തിര ഘട്ടത്തിൽ ആണെങ്കിലും ഇത്തരക്കാർക്ക് വേണ്ടി സർക്കാർ സൗജന്യങ്ങൾ നൽകുന്നത് എന്തുകൊണ്ട് എന്നെനിക്ക് മനസ്സിലാകുന്നില്ല !!
ഒരു രാജ്യം പൗരന്മാരെ രക്ഷിക്കുന്നത് മനസ്സിലാക്കാം, എന്തിന് ഈ എലൈറ്റ് ക്ലാസ്സിന് സാധാരണ മനുഷ്യരുടെ കീശയിൽ നിന്നും ഉള്ള നികുതിപ്പണത്തിന്റെ സൗജന്യങ്ങൾ നൽകുന്നു ?? ഇവർക്കായി എന്തിനു സൗജന്യ വിമാനം , സൗജന്യ കാർ ഒക്കെ സർക്കാർ നൽകുന്നു ? സാധാരണക്കാരായ ജനങ്ങൾ ഈ കോവിഡ് കാലത്ത് ദുരിതങ്ങളിൽ കൂടി കടന്നു പോകുകയാണ്. അവരുടെ പണം ആണ് ഈ “ക്ലാസ്” മനുഷ്യർക്ക് കയ്യടിക്കു വേണ്ടി ഫ്രീ ആയി നമ്മുടെ സർക്കാരുകൾ നൽകുന്നത്. നമ്മുടെ പൗരന്മാർ ആണ്. അവരെ രക്ഷിച്ചുകൊണ്ടു വരുക എന്നത് നല്ല കാര്യം. നിങ്ങൾ മാല കൊടുത്തോളു, ബൊക്കെ കൊടുത്തോളൂ. അതിന്റെ ബില്ല് അവർക്ക് കൊടുത്തു കാശു വാങ്ങണം. അത് കേന്ദ്ര സർക്കാർ ആണെങ്കിലും, കേരള സർക്കാർ ആണെങ്കിലും. അർഹത ഇല്ലാത്തവർക്ക് കൊടുക്കുന്ന ഈ സൗജന്യം അടിയന്തിരം ആയി നിർത്തലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടാക്സ് കൊടുക്കുന്ന, ഇന്ത്യയിൽ ജീവിക്കാൻ തീരുമാനം എടുത്ത പൗരൻ.
Post Your Comments