തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപംകൊണ്ടതായി റിപ്പോർട്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. മാർച്ച് അഞ്ച് മുതൽ ഏഴ് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also read: കീവിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ല, 24 മണിക്കൂറിനുള്ളിൽ 1300 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് ഉണ്ടായിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കാം. ന്യൂനമർദ്ദം ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരദേശ മേഖലയിൽ ന്യൂനമർദ്ദ സ്വാധീന ഫലമായി മാർച്ച് 2, 3 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാൽ, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെക്ലോണിക് സർക്കുലേഷനെയാണ് മലയാളത്തിൽ ചക്രവാതച്ചുഴിയെന്ന് വിളിക്കുന്നത്. സൈക്ലോൺ അഥവാ ചക്രവാതം ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര അപകടകാരിയല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യ പടി മാത്രമാണ് ചക്രവാതച്ചുഴി. ന്യൂനമർദ്ദം രൂപപ്പെടുന്നതിന് മുൻപായി കാണാറുള്ള ശക്തി കുറഞ്ഞ കാറ്റിന്റെ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് വിളിക്കുന്നത്.
Post Your Comments