‘ചൈന ഇന്ത്യയെ കണ്ട് പഠിക്കണം, മികച്ച മാതൃക’: ഉക്രൈനിൽ നിന്നും ചൈനീസ് വിദ്യാർത്ഥികൾ പറയുന്നു

കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 1500 ലധികം ഇന്ത്യൻ പൗരന്മാരെ ‘ഓപ്പറേഷൻ ഗംഗ’ വഴി കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചു. ഘട്ടം ഘട്ടമായ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. രക്ഷാപ്രവർത്തനത്തിൽ, ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് ഉക്രൈനിൽ കഴിയുന്ന പാകിസ്ഥാൻ വിദ്യാർത്ഥികൾ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സമാനമായ അഭിപ്രായമാണ് ഉക്രൈനിൽ ഭയപ്പാടോടെ കഴിയുന്ന ചൈനീസ് വിദ്യാർത്ഥികളും പറയുന്നത്.

കീവിലെ ചൈനീസ് എംബസി എപ്പോഴും തങ്ങളുടെ പൗരന്മാരെ ഉക്രൈനിൽ നിന്ന് ‘എങ്ങനെ ഒഴിപ്പിക്കാം’ എന്ന കാര്യത്തിൽ ചർച്ചകൾ മാത്രമാണ് നടത്തുന്നതെന്ന് കീവിലെ ബങ്കറിൽ കഴിയുകയായിരുന്ന ഒരു ചൈനീസ് വിദ്യാർത്ഥി പറയുന്നു. ക്രൂയിസ് മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന് സമീപമാണ് യുവാവ് തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം കഴിയുന്നത്. ചൈനയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബീജിംഗ് സ്വദേശിയായ യുവാവ് ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയായിരുന്നു.

Also Read:‘സർക്കാർ ബാലന്‍സിങ് ആക്ട് അവസാനിപ്പിച്ച് റഷ്യയോട് ബോംബാക്രമണം നിര്‍ത്താന്‍ പറയൂ’: കേന്ദ്രത്തിനെതിരെ പി.ചിദംബരം

പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും പോളണ്ട്, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്നത് നേരിൽ കണ്ടതാണെന്നും വിദ്യാർത്ഥി പറയുന്നു. സ്വന്തം സർക്കാരിൽ നിന്ന് സമാനമായ ശ്രമങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇന്ത്യയെപ്പോലെ ഉക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരെ ചൈനീസ് സർക്കാരും ഒഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രക്ഷാപ്രവർത്തനത്തിന്റെ കാര്യത്തിൽ, ചൈന ഇന്ത്യയെ മാതൃകയാക്കണമെന്നും വിദ്യാർത്ഥി പറഞ്ഞു.

അതേസമയം, ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി ഇന്ത്യൻ ഗവൺമെന്റ് ഇതിനകം തന്നെ ഉക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കം 1,500 ലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു.

Share
Leave a Comment