റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ വ്‌ളാദിമിർ പുടിൻ ചരിത്രപരമായ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു. ദ ഗാര്‍ഡിയനിലെ ലേഖനത്തിലാണ് ‘പുടിൻ പരാജയപ്പെടാൻ സാധ്യതകൾ ഏറെ’ എന്ന് പറയാനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത്. ഉക്രൈൻ ഒരു യഥാർത്ഥ രാഷ്ട്രമല്ല, ഉക്രേനിയക്കാർ ഒരു യഥാർത്ഥ ജനതയല്ല എന്ന പുടിന്റെ വാദം തീർത്തും കള്ളമാണെന്ന് അദ്ദേഹം പറയുന്നു.
നിലവിലെ യുദ്ധം, പുടിന്‍റെ പരാജയമായി ഹരാരി വിലയിരുത്തുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്.
കീവ്, ഖാർകിവ്, ലിവ് നിവാസികൾ മോസ്കോയുടെ ഭരണത്തിനായി കൊതിക്കുന്നു എന്നത് കല്ലുവെച്ച നുണയാണ്. ആ നുണയിൽ പുടിൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള ഒരു രാഷ്ട്രമാണ് ഉക്രെയ്ൻ. മോസ്കോ ഒരു ഗ്രാമം പോലുമല്ലാത്ത കാലത്ത്, കീവ് ഒരു പ്രധാന മെട്രോപോളിസ് ആയിരുന്നു. അതാണ് ചരിത്രം. റഷ്യൻ സ്വേച്ഛാധിപതി ഉക്രൈനെ സംബന്ധിച്ച് നിരന്തരം നുണ പറയുന്നു, അത് അവരെക്കൂടി വിശ്വസിപ്പിക്കാൻ വേണ്ടിയാണ്.
Also Read:മുഖംമൂടി സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചതായി പരാതി
തനിക്ക് അറിയാവുന്ന വസ്തുതകൾ വെച്ചാണ് പുടിൻ ഉക്രൈനിലേക്കുള്ള തന്റെ അധിനിവേശം ആസൂത്രണം ചെയ്തത്. അതിൽ ആദ്യത്തേത്, ബലം കൊണ്ട് ഉക്രൈൻ റഷ്യയ്ക്ക് മുൻപിൽ ഒന്നുമല്ല എന്നതാണ്. മറ്റൊന്ന് ഉക്രൈനെ സഹായിക്കാൻ നാറ്റോ, സൈന്യത്തെ അയക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. റഷ്യൻ എണ്ണയിലും വാതകത്തിലും തുടങ്ങി, പലകാര്യത്തിലും റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രൈനെ സഹായിക്കാന്‍ എത്തില്ല എന്ന് പുടിൻ കണക്കുകൂട്ടി. ഈ കണക്കു കൂട്ടലിന്റെ പശ്ചാത്തലത്തിൽ ആണ് വേഗത്തിൽ ഉക്രൈനെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്ന പദ്ധതി പുടിൻ തയ്യാറാക്കിയത്. ഉക്രൈൻ ഗവൺമെന്റിനെ ശിരഛേദം ചെയ്യുക. ശേഷം, കീവിൽ ഒരു പാവ ഭരണം സ്ഥാപിക്കുക. ഇതിലൂടെ, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങളെ മറികടക്കുക എന്തായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
എന്നാൽ റഷ്യയ്ക്കും പുടിനും അറിയാതെ പോയ മറ്റൊരു വസ്തുത ഉണ്ട്. അത് അമേരിക്ക ഇറാഖിലും, സൊവിയറ്റ് യൂണിയന്‍ മുന്‍പ് അഫ്ഗാനിസ്ഥാനിലും നേരിട്ടതാണ്. ഒരു രാജ്യം നിലനിർത്തുക എന്നതിനേക്കാൾ, വളരെയെളുപ്പമാണ് ആ രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത്. ഉക്രൈൻ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന് പുടിന് അറിയാമായിരുന്നു. എന്നാൽ ഉക്രേനിയൻ ജനത മോസ്കോയുടെ പാവ ഭരണത്തെ അംഗീകരിക്കുമോ? അവർ അംഗീകരിക്കുമെന്ന് പുടിൻ ചൂതാട്ടം നടത്തി. എല്ലാത്തിനുമുപരി, കേൾക്കാൻ തയ്യാറുള്ള ആരോടും അദ്ദേഹം പലതവണ ആവർത്തിച്ച് വിശദീകരിച്ചതുപോലെ, ‘ഉക്രെയ്ൻ ഒരു യഥാർത്ഥ രാഷ്ട്രമല്ല, ഉക്രേനിയക്കാർ ഒരു യഥാർത്ഥ ജനതയല്ല’ എന്ന നുണ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. 2014 ൽ, ക്രിമിയയിലെ ആളുകൾ റഷ്യൻ ആക്രമണകാരികളെ ചെറുത്തുനിന്നിരുന്നില്ല. എന്നാൽ, എന്തുകൊണ്ടാണ് 2022 വ്യത്യസ്തമാകേണ്ടത്? വ്യത്യസ്തമാകുന്നത്?.
ഓരോ ദിവസം കഴിയുന്തോറും പുടിന്റെ ചൂതാട്ടം പരാജയപ്പെടുകയാണെന്ന് വ്യക്തമാവുകയാണ്. ഉക്രേനിയൻ ജനത പൂർണ്ണഹൃദയത്തോടെയാണ് ചെറുത്തു നിൽക്കുന്നത്. ലോകത്തിന്റെ മുഴുവൻ പ്രശംസയും നേടിയെടുക്കുകയാണ്. ഒരുപക്ഷെ, യുദ്ധത്തിൽ വിജയിക്കുന്ന പോലെയാണ് അവർ യുദ്ധം ചെയ്യുന്നത്. ഒരുപാട് കറുത്ത ദിനങ്ങളാണ് അവർക്ക് മുന്നിലുള്ളത്. റഷ്യക്കാർക്ക് ഇപ്പോഴും ഉക്രൈൻ മുഴുവൻ കീഴടക്കാൻ കഴിഞ്ഞേക്കാം. എന്നാൽ യുദ്ധം പൂർണമായി ജയിച്ചെന്ന് പറയണമെങ്കിൽ, റഷ്യക്കാർക്ക് ഉക്രൈനിൽ നിലനിൽക്കേണ്ടതായി വരും. ഉക്രേനിയൻ ജനത അവരെ അംഗീകരിക്കണം. എന്നാൽ, ഇത് സംഭവിക്കാൻ സാധ്യത തീരെയില്ല.
യുദ്ധത്തിൽ നശിപ്പിക്കപ്പെടുന്ന ഓരോ റഷ്യൻ ടാങ്കും, ഓരോ റഷ്യൻ സൈനികനും ഉക്രേനിയക്കാരുടെ ചെറുത്തുനിൽപ്പിനുള്ള ധൈര്യം വർദ്ധിപ്പിക്കുന്നു. അവരുടെ പോരാട്ടത്തെയും ധീരതയെയും വാഴ്ത്താൻ അത് തന്നെ ധാരാളം. കൊല്ലപ്പെടുന്ന ഓരോ ഉക്രേനിയനും ആക്രമണകാരികളോടുള്ള അഥവാ റഷ്യക്കാരോടുള്ള ഉക്രേനിയക്കാരുടെ വെറുപ്പ് വർദ്ധിപ്പിക്കും. വികാരങ്ങളിൽ ഏറ്റവും വൃത്തികെട്ടതാണ് വിദ്വേഷം. എന്നാൽ അടിച്ചമർത്തപ്പെട്ട രാജ്യങ്ങൾക്ക്, വിദ്വേഷം ഒരു മറഞ്ഞിരിക്കുന്ന നിധിയാണ്. ഹൃദയത്തിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഇതിന് തലമുറകളോളം പ്രതിരോധം നിലനിർത്താൻ കഴിയും. ശത്രുരാജ്യക്കാരോട് ശക്തമായി പ്രതിരോധിച്ച് നിൽക്കാൻ ഈ വെറുപ്പിന് സാധിക്കും. ഇവരുടെ ഈ വെറുപ്പിന്, തലമുറകളോളം ചെറുത്തുനിൽക്കാൻ സാധിച്ചേക്കാം.
Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
റഷ്യൻ സാമ്രാജ്യം സൃഷ്ടിച്ചെടുക്കണമെങ്കിൽ രക്തം വീഴാത്ത വിജയം പുടിന് ആവശ്യമാണ്. സൗഹൃദപരമായ കീഴ്പ്പെടുത്തലാണ് പുടിൻ ലക്ഷ്യം വെച്ചത്. അത് താരതമ്യേന വിദ്വേഷരഹിതമായ അധിനിവേശത്തിലേക്ക് നയിക്കും. എന്നാൽ, അത് ഇതിനോടകം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ കൂടുതൽ ഉക്രേനിയൻ രക്തം ചൊരിയുന്നതിലൂടെ, പുടിന്റെ സ്വപ്നം ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്ന് തീരുമാനമാവുകയാണ്. ഉക്രൈനിൽ, റഷ്യൻ സൈന്യം മൂലം പൊടിയുന്ന ഓരോ തുള്ളി രക്തവും പുടിന്റെ സ്വപ്നത്തിന് വിലങ്ങ് തടിയാകും. റഷ്യൻ സാമ്രാജ്യത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ മിഖായേൽ ഗോർബച്ചേവിന്റെ പേരായിരിക്കില്ല, അത് പുടിന്റെ പേരായിരിക്കും. ഗോർബച്ചേവ് റഷ്യക്കാരെയും ഉക്രേനിയക്കാരെയും സഹോദരങ്ങളെപ്പോലെയായിരുന്നു കണ്ടിരുന്നത്. അദ്ദേഹം പോകുമ്പോൾ ഇരുവരും സൗഹൃദത്തിലുമായിരുന്നു. പുടിൻ അവരെ ശത്രുക്കളാക്കി മാറ്റി. പുടിൻ അവരെ, പരസ്പരം പോരടിക്കുന്ന രണ്ട് ശത്രുരാജ്യങ്ങളാക്കി മാറ്റി.
രാഷ്ട്രങ്ങൾ ആത്യന്തികമായി കഥകളിൽ കെട്ടിയിടപ്പെട്ടിരിക്കുന്നവയാണ്. കടന്നുപോകുന്ന ഓരോ ദിവസവും ഉക്രേനിയക്കാർ കൂടുതൽ കഥകൾ കൂട്ടിച്ചേർക്കുന്നു. വരാനിരിക്കുന്ന ഇരുണ്ട ദിവസങ്ങളിൽ മാത്രമല്ല, വരും ദശകങ്ങളിലും തലമുറകളിലും അവർക്ക് പുതിയ കഥകൾ ലഭിക്കുകയാണ്. വരും തലമുറകൾക്ക് അവരുടെ മഹാത്തായ രാജ്യത്തെക്കുറിച്ചും, അതിന്‍റെ പോരാട്ടത്തെക്കുറിച്ചും പറഞ്ഞുകൊടുക്കാൻ പാകത്തിനുള്ള കഥകൾ. സവാരിയല്ല, വെടിമരുന്ന് വേണമെന്ന് യുഎസിനോട് പറഞ്ഞ് തലസ്ഥാനത്ത് നിന്ന് പലായനം ചെയ്യാൻ വിസമ്മതിച്ച പ്രസിഡന്റ്, റഷ്യന്‍ ടാങ്ക് പെട്രോള്‍ ബോംബ് വച്ച് തകര്‍ത്ത സാധാരണക്കാർ ഇങ്ങനെ പല കഥകള്‍. ഇവയിൽ നിന്നൊക്കെയാണ് രാജ്യങ്ങൾ ഉടലെടുക്കുന്നത്. ചിലപ്പോൾ, ആയിരം ടാങ്കുകളേക്കാൾ ഗുണം ചെയ്യുക ഇത്തരം വീര്യം കൂടിയ കഥകളാകും.
Also Read:യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി
റഷ്യൻ സ്വേച്ഛാധിപതിയായ പുടിന് ഇത് മറ്റാരേക്കാളും നന്നായി അറിയാം. കുട്ടിക്കാലത്ത്, ലെനിൻഗ്രാഡ് ഉപരോധത്തിലെ ജർമ്മൻ അതിക്രമങ്ങളെയും റഷ്യൻ ധീരതയെയും കുറിച്ചുള്ള കഥകൾ കേട്ടാണ് അദ്ദേഹം വളർന്നത്. നാസികളുടെ മുന്നേറ്റത്തെ ലെനിന്‍ഗ്രാഡില്‍ പിടിച്ചുകെട്ടിയ സോവിയറ്റ് വീരഗാഥ കേട്ട് വളർന്ന, പുടിൻ ഇന്ന് സമാനമായ കഥകൾ നിർമ്മിക്കുന്നു. ഇന്ന് ഹിറ്റ്ലര്‍ വേഷം സ്വയം എടുത്തണിയുകയാണ് പുടിന്‍.
ഉക്രേനിയൻ ധീരതയുടെ കഥകൾ ഉക്രേനിയക്കാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ളവർക്ക് ദൃഢനിശ്ചയം നൽകുന്നു. ലോകത്തിന് തന്നെ ധൈര്യം നൽകുകയാണ് അവർ. നിർഭാഗ്യവശാൽ, ഈ യുദ്ധം ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ട്. വ്യത്യസ്ത രൂപങ്ങളിൽ അത് വർഷങ്ങളോളം തുടരാം. ഉക്രൈൻ ഒരു യഥാർത്ഥ രാഷ്ട്രമാണെന്നും ഉക്രേനിയക്കാർ യഥാർത്ഥ ജനതയാണെന്നും അവർ തീർച്ചയായും ഒരു പുതിയ റഷ്യൻ സാമ്രാജ്യത്തിന് കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സന്ദേശം ക്രെംലിന്റെ കട്ടികൂടിയ ചുവരുകളിൽ തുളച്ചുകയറാൻ എത്ര സമയമെടുക്കും എന്നതാണ് തുറന്നിരിക്കുന്ന പ്രധാന ചോദ്യം. തങ്ങളുടെ അസ്ഥിത്വം ചോദ്യം ചെയ്ത റഷ്യയുടെ കാതുകളില്‍ ഈ ഉത്തരം എപ്പോൾ എത്തും?.
Post Your Comments