Latest NewsIndia

പുതിയ കാർ വാങ്ങി ഡ്രൈവിംഗ് പഠനം: അപകടത്തിൽ പരിക്കേറ്റ കച്ചാ ബദാം ഗായകൻ ആശുപത്രിയിൽ

നേരത്തെ, സൈക്കിളിൽ നടന്ന് പച്ച കപ്പലണ്ടി വിറ്റിരുന്ന ഭൂപൻ അടുത്തിടെ പുതിയതായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം.

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറൽ ആയ കച്ചാ ബദാം പാട്ടിന്റെ ഗായകൻ ഭൂപന്‍ ഭട്യാകർ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. ഇന്നലെ ഉണ്ടായ അപകടത്തിൽ നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ, സൈക്കിളിൽ നടന്ന് പച്ച കപ്പലണ്ടി വിറ്റിരുന്ന ഭൂപൻ അടുത്തിടെ പുതിയതായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം.

ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. പച്ച കപ്പലണ്ടി വില്‍പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഈ പാട്ട് പാടിയത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങിയിരുന്നത്. എന്നാല്‍, കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്. തുടര്‍ന്ന്, ഇത് തന്‍റെ വരികളാണെന്ന് അവകാശപ്പെട്ട് ഭൂപന്‍ രംഗത്തെത്തിയിരുന്നു.

പിന്നീടങ്ങോട്ട് ഭൂപന്‍ വിചാരിക്കാത്തത്ര ഉയരങ്ങളിലേക്കെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ‘കച്ചാ ബദാം’ എന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോഴും കച്ചാ ബദാം ട്രെന്റിങ്ങാണ്. നിരവധി സെലിബ്രിറ്റികളടക്കം റീൽസ് ചെയ്ത് തരംഗം സൃഷ്ടിക്കുകയാണ്. ലോകമെങ്ങും വൈറലായ കച്ചാ ബദാമിന്റെ ഒറിജിനൽ ഗായകനും ഇന്ന് സ്റ്റാറാണ്.

‘കച്ചാ ബദാം’ പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി, പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതോടെ, ഇയാൾ പച്ചക്കപ്പലണ്ടി കച്ചവടം നിര്ത്തുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെയാണ് കാർ വാങ്ങിയതും ഡ്രൈവിംഗ് പഠിച്ചതും.

shortlink

Post Your Comments


Back to top button