കീവ്: റഷ്യന്‍ സൈന്യം യുക്രൈന് അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെടുക കൂടി ചെയ്തതോടെ യുദ്ധ മേഖലയില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരിച്ചെത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒഴിപ്പിക്കല്‍ നടപടി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഒഴിപ്പിക്കല്‍ നടപടിയുടെ വേഗംകൂട്ടാന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് പുറമേ രക്ഷാദൗത്യത്തില്‍ പങ്കുചേരാന്‍ വ്യോമസേനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യോമസേനയുടെ അഭിമാനമായ സി-17 ഗ്ലോബ്മാസ്റ്റര് III വിമാനം രക്ഷാദൗത്യത്തിനായി സജ്ജമാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 11 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്.
അതേസമയം, യുക്രെയ്നിൽ നിന്ന് ഡൽഹിയിലെത്തിയ വിദ്യാർത്ഥികളെ നേരിട്ടെത്തി സ്വീകരിച്ച് കേന്ദ്ര മന്ത്രി ആർകെ സിംഗ്. ദേശീയ പതാക വീശിയും വന്ദേമാതരം വിളിച്ചുമാണ് വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്ത് എത്തിയത്. ഇവരെ പുഷ്പം നൽകിയാണ് കേന്ദ്ര മന്ത്രിയും സംഘവും സ്വീകരിച്ചത്. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന അവസാന ഭാരതീയനെയും തിരികെ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ആർ കെ സിംഗ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ടെന്നും ആർ കെ സിംഗ് വ്യക്തമാക്കി.
Post Your Comments