ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ത്യയിലെത്തി. 249 ഇന്ത്യൻ പൗരൻമാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഏഴരയോടെയാണ് ഡൽഹിയിലെത്തിയത്. കേന്ദ്രസർക്കാർ ഒരുപാട് സഹായിച്ചുവെന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇന്ത്യൻ എംബസി സാധ്യമായ എല്ലാ പിന്തുണയും നൽകി. അതിർത്തി കടക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. യുദ്ധാന്തരീക്ഷത്തിൽ കുടുങ്ങിപോയ അനവധി പേർ ഇനിയുമുണ്ട്.’ അവരെയെല്ലാം തിരികെ കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതികരിച്ചു. യുദ്ധഭൂമിയിൽ നിന്ന് മാതൃരാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിയ വിദ്യാർത്ഥികളെ ഹാരങ്ങൾ അണിയിച്ചും പുഷ്പങ്ങൾ നൽകിയും ഇന്ത്യ സ്വീകരിച്ചു.
രക്ഷാദൗത്യത്തിനായി യുക്രെയ്‌നിൽ നിന്ന് ഏഴ് വിമാന സർവീസുകൾ കൂടി ആരംഭിക്കുമെന്നും എയർ ഇന്ത്യക്ക് പുറമേ, ഇൻഡിഗോയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുമെന്നുമാണ് റിപ്പോർട്ട്. പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. പ്രത്യേക ട്വിറ്റർ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Post Your Comments