കീവ്: രക്ഷാദൗത്യത്തിന് ഉക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കായി കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് എംബസി അറിയിച്ചു. കീവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിൻ വഴി അതിർത്തിയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്ന് എംബസി നിർദേശിച്ചു. ഈ മാനദണ്ഡം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യം ആയിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യം എത്തുന്നവർക്കാകും മുൻഗണന നൽകുക. സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിൽ പ്രദർശിപ്പിക്കും. ഇന്ത്യക്കാർ നിർബന്ധമായും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംബസി അറിയിച്ചു. അതേസമയം, ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
യുദ്ധത്തെ സംബന്ധിച്ച്, ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെ, ഇതിന് വേദിയാകാൻ സെലൻസ്‌കി മൂന്ന് രാജ്യങ്ങൾ നിർദേശിച്ചു. ബലാറസിൽ ചർച്ചയാകാമെന്ന റഷ്യയുടെ തീരുമാനം നിരസിച്ചതിന് പിന്നാലെയാണ് സെലൻസ്‌കി തന്റെ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്‌കി വ്യക്തമാക്കി.
Post Your Comments