വണ്ടന്മേട്: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടി. അതിനിടെ, സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
സൗമ്യയുമായി ആഡംബര ഹോട്ടലിൽ തങ്ങി പദ്ധതി തയ്യാറാക്കി, മയക്കുമരുന്നും നൽകിയ ശേഷം വിനോദ് തിരികെ ഗൾഫിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. എന്നാല്‍, സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ സൗമ്യയുടെ ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്. തുടർന്നാണ് സൗമ്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
അതേസമയം, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗമ്യയോടൊപ്പം അറസ്റ്റിലായ കൊല്ലം കുന്നത്തൂര്‍ മൈനാകപ്പള്ളി വേങ്ങകരയില്‍ റെഹിയാ മന്‍സില്‍ എസ്.ഷാനവാസ് (39), കൊല്ലം കോര്‍പറേഷന്‍ മുണ്ടയ്ക്കല്‍ അനിമോന്‍ മന്‍സില്‍ എസ്.ഷെഫിന്‍ഷാ (24) എന്നിവരെ റിമാന്‍ഡ് ചെയ്ത് പീരുമേട് ജയിലിലേക്ക് അയച്ചു. സൗമ്യ കോട്ടയം വനിതാ ജയിലിലാണ്.
Post Your Comments