കീവ്: ഉക്രൈന്റെ തലസ്ഥാനമായ കീവ് നഗരത്തിൽ ആക്രമണം തുടരുന്ന റഷ്യ ഉക്രൈനിലെ താപവൈദ്യുത നിലയം തകർത്തു. ഇത് കൂടാതെ, ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകർത്തത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണ്. കടുത്ത ചെറുത്തു നിൽപ്പാണ് ഉക്രൈൻ സൈന്യം നടത്തുന്നത്.
കീവില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. ഇതിനിടെ, റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്കടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടണ്‍ ഉപരോധം തീർത്തു. അതേസമയം, ഉക്രൈനിൽ നിന്ന് സ്വദേശികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ട്. അരലക്ഷത്തിലധികം ഉക്രൈനികൾ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ (UN) റിപ്പോർട്ട് ചെയ്യുന്നത്. നാടുവിടാനെത്തിയവരുടെ വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്.
ഉക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്. ‘സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ഉക്രൈൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. ഉക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ ഉക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത്’ – പുടിൻ ആഹ്വാനം ചെയ്തു.
പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഉക്രൈനെ സ്വതന്ത്രമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം.
Post Your Comments