ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ഡൽഹിയിൽ എത്തും. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണിത്. രാത്രി 10.15 ഓടെയാകും വിമാനം ഡൽഹിയിലെത്തുക. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. അടുത്ത വിമാനം ശനിയാഴ്ച്ചയാണ് എത്തുന്നത്. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക.
അതേസമയം, ഇന്ത്യയിലേക്ക് തിരികെയെത്തിയതോടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ആദ്യ വിമാനത്തിൽ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രെയ്ൻ ഓപ്പറേഷനായി വിദേശകാര്യ മന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്.
Post Your Comments