കൊല്ലങ്കോട് : വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ. കൊല്ലങ്കോട് ത്രാമണിയിൽ മൊയ്തീൻ (24) ആണ് പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ വടവന്നൂരിൽ നിന്നാണ് പിടിയിലായത്.
ഓൺലൈൻ വാഹന വിൽപന സൈറ്റുകളിൽ വിൽപനക്ക് വെച്ചിരിക്കുന്ന മോട്ടോർ സൈക്കിളുകളുടെ നമ്പർ മനസ്സിലാക്കി അതേ നമ്പറിൽ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി ഓടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് മൊയ്തീനെന്ന് പൊലീസ് കണ്ടെത്തി.
Read Also : ചോദിക്കുന്നവർക്കെല്ലാം ആയുധം തരും, നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ തയ്യാറാവുക: സെലെന്‍സ്കി
2020 ജൂലൈ 16-ന് രാത്രി കൊല്ലങ്കോട് കൊങ്ങൻചാത്തി പാർവതിയുടെ വീട്ടിൽ ബൈക്കിന് തീയിട്ടതും 2019 നവംബറിൽ കൊല്ലങ്കോട് പി.എസ്.ടി പെട്രോൾ പമ്പിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും താനാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ കെ. ഷാഹുൽ, പ്രബേഷൻ എസ്.ഐ എം.പി. വിഷ്ണു, ജില്ല കാവൽ സ്ക്വാഡ് അംഗങ്ങളായ എസ്. ജിജോ, എ. റിയാസുദ്ദീൻ, സീനിയർ സി.പി.ഒമാരായ എം. മോഹൻദാസ്, ആർ. രതീഷ്, ജി. അജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments