മോസ്കോ: സൈന്യത്തെ ഇറക്കാൻ അനുമതി സ്വന്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ സൈന്യത്തെ രാജ്യത്തിനു പുറത്ത് ഉപയോഗിക്കാനുള്ള അനുമതിയാണ് പാർലമെന്റ് പുടിന് നൽകിയത്. പ്രസിഡന്റിന്റെ ആവശ്യത്തെ തുടർന്ന്, പാർലമെന്റിൽ വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണ് സൈന്യത്തെ ഇറക്കാനുള്ള അനുമതി ലഭിച്ചത്.
തിരഞ്ഞെടുപ്പിൽ, 153 റഷ്യൻ സെനറ്റർമാരാണ് പുടിന് പിന്തുണയുമായി രംഗത്തെത്തിയത്. പാർലമെന്റിലെ തീരുമാനത്തെ എതിർത്ത് ഒരാൾ പോലും വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. കിഴക്കൻ ഉക്രൈയിനിലേക്ക് തൽക്കാലം സേനയെ അയ്ക്കാൻ സാധിക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാദഗതികൾ തള്ളിക്കൊണ്ടാണ് ഫെഡറൽ കൗൺസിലിങ്ങിനു മുൻപാകെ പുടിൻ സൈന്യത്തിനുള്ള അനുമതി തേടിയത്.
ഉക്രൈയ്നുമായുള്ള ചർച്ചകൾ പരാജയപ്പെട്ടുവെന്നും അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് ഉക്രൈൻ സ്വീകരിച്ചതെന്നും ഫെഡറേഷൻ കൗൺസിൽ യോഗത്തിനിടയിൽ ഉപപ്രതിരോധമന്ത്രി നിക്കോളേ പാങ്കോ വ്യക്തമാക്കി. സൈനികനടപടിയല്ലാതെ, മറ്റു വഴികളൊന്നും ഉക്രൈൻ റഷ്യയ്ക്ക് മുന്നിൽ അവശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments