കൊച്ചി: അനശ്വര നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരിയെ തന്നെയാണെന്ന് ശ്രീകുമാരൻ തമ്പി. ലളിത വളരെയധികം ദുഃഖം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുറമെ ചിരിക്കുമ്പോഴും, അഭിനയിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ലളിത ദുഃഖിതയായിരുന്നു. എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും ലളിത തന്നോട് പങ്കുവെച്ചിരുന്നതായും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
‘ഞങ്ങൾ തമ്മിൽ സംവിധായകനും നടിയും തമ്മിലുള്ള ബന്ധം ആയിരുന്നില്ല. ഞങ്ങൾ ഓണാട്ടുകരക്കാരാണ്. ലളിതയെ എനിക്ക് നന്നായി മനസ്സിലാകുമായിരുന്നു. എനിക്ക് സ്വന്തം സഹോദരി മരിച്ചതിന്റെ ദുഃഖമാണ്. കെ.പി.എ.സി ലളിതയെ പോലൊരു നടി ഇന്ത്യയിൽ തന്നെ വേറെയില്ല. മനോരമ, സുകുമാരി എന്നിവർ മാത്രമാണ് അഭിനയമികവിൽ ലളിതയ്ക്കൊപ്പം എത്തിയത്’ ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.
മൂന്ന് തവണ ദേശീയ പുരസ്കാര സമിതിയിൽ ഉണ്ടായിരുന്നപ്പോൾ, ലളിത അഭിനയിക്കുന്ന സിനിമകൾ കണ്ട് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ജൂറി അംഗങ്ങൾ വരെ അത്ഭുതപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു. കെ.പി.എ.സി ലളിതയെന്ന അഭിനയവിസ്മയത്തെ ലഭിച്ച മലയാളികൾ ഭാഗ്യം ചെയ്തവരാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
Post Your Comments