Latest NewsIndia

ബംഗാളിൽ തൃണമൂലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച പ്രശാന്ത് കിഷോറിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം

ബന്ധപ്പെട്ട് മമത പോലും അറിയാതെ സ്ഥാനാർത്ഥി പട്ടിക പ്രശാന്ത് കിഷോറിന്റെ കമ്പനി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു

കൊൽക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന പേരിൽ പ്രശസ്തനായ പ്രശാന്ത് കിഷോറിനെതിരെ തൃണമൂൽ എം.പി. കല്യാൺ ബാനർജി. തൃണമൂലിനെ ദേശീയ പാർട്ടിയാക്കാനുള്ള മമതയുടെ ശ്രമത്തിന് വിലങ്ങുതടിയായാണ് പാർട്ടിക്കകത്ത് തന്നെ ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്. തൃണമൂലിനെ നയിക്കുന്നത് ചില കോൺട്രാക്ടർമാരാണെന്നും പാർട്ടിയുടെ അന്ത:സത്തയും മൂല്യവും അല്ല അവർക്ക് പ്രശ്‌നമെന്നുമാണ് കല്യാണിന്റെ ആരോപണം.

പ്രശാന്തിന്റെ പേര് പറയാതെയാണ് വിമർശനം നടത്തിയിട്ടുള്ളത്. തൃണമൂലിന്റെ സംഘടനാ സംവിധാനത്തിൽ പ്രശാന്ത് കിഷോർ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് എം.പി.യുടെ തുറന്ന വിമർശനം. പ്രശാന്ത് നയിക്കുന്ന സ്വകാര്യ പ്രചാരണ കമ്പനിയായ ഐപാകിനെതിരെയാണ് കല്യാൺ രംഗത്ത് വന്നിരിക്കുന്നത്. മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത പോലും അറിയാതെ സ്ഥാനാർത്ഥി പട്ടിക പ്രശാന്ത് കിഷോറിന്റെ കമ്പനി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. ഇതോടെയാണ് കല്യാൺ എതിർത്തുകൊണ്ട് പ്രസ്താവന നടത്തിയത്.

പുറത്തുവിട്ട ലിസ്റ്റ് സ്വയം അറിഞ്ഞിട്ടില്ലെങ്കിലും മമതയ്‌ക്ക് അംഗീകരിക്കേണ്ടിവന്നതും കല്യാണിനെ ചൊടിപ്പിച്ചു. ഐപാക് കമ്പനി പുറത്തു വിട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടാത്തവർ സ്വതന്ത്രരായി നിൽക്കുന്നത് പാർട്ടിക്ക് ദോഷമാണെന്നും കല്യാൺ പറയുന്നു.
‘ഈ പാർട്ടിയെ ചില കോൺട്രാക്ടർമാർ നയിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിക്കേണ്ടത് അത്യാവശ്യമായിരുന്നു, അതിനാലാണ് ഐപാക് രംഗത്തെത്തിയത്.’

‘എന്നാൽ സംഘടനയ്‌ക്കകത്തെ ആളെന്ന നിലയിൽ ഇത്തരം സംവിധാനം പാർട്ടിയുടെ പ്രവർത്തകരെ ദുർബലപ്പെടുത്തും. ഇന്ന് പാർട്ടിക്ക് നല്ല ജനകീയ അടിത്തറയുണ്ട്.’ അതിനാൽ ഇത്തരം പുറമേ നിന്നുള്ള സംവിധാനങ്ങളെ പരിമിതപ്പെടുത്തണമെന്നും കല്യാൺ ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്പ് തൃണമൂൽ നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേയും കല്യാൺ കടുത്ത വിയോജിപ്പ്  പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button